ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ കൊറോണ ബാധിച്ചുള്ള മരണം രണ്ടായി. തിങ്കളാഴ്ച രാവിലെ മരിച്ച യുവാവിന് കൊറോണ ബാധിച്ചിരുന്നുവെന്ന് ഇന്ന് രാവിലെ സ്ഥിരീകരണ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് വീണ്ടുമൊരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മീററ്റിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് -19 ബാധിച്ച 72കാരനാണ് മരിച്ചത്. ഇയാളുടെ മരുമകനെയും വൈറസ് ബാധയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് മരിച്ചയാള്‍ക്ക് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ മരുമകനില്‍ നിന്നാണ് അണുബാധയുണ്ടായത്.
ഒരേ കുടുംബത്തിലെ പതിനാറ് പേരുടെയും വൈറസ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ നിരീക്ഷണത്തിലാണുള്ളത്. തിങ്കളാഴ്ച മരിച്ച ബാസ്തി സ്വദേശിയായ 25കാരന്‍ മുംബൈയില്‍ നിന്നാണ് യുപിയിലെത്തിയത്.വൃക്ക,കരള്‍ രോഗത്തെ തുടര്‍ന്ന് ഞായറാഴ്ച ഗോരഖ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച മരിച്ച യുവാവിന്റെ പരിശോധനാഫലം ഇന്നാണ് പുറത്തുവന്നത്. ഇതില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് ഇയാളെ പരിശോധിച്ച ഡോക്ടര്‍മാരെയും ആശുപത്രി ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.