ശ്രീനഗര്‍- കൊറോണ വൈറസ് രാജ്യത്ത് വ്യാപിച്ചതിന്റെ ഉത്തരവാദിത്തം ഇനി മുസ്‌ലിംങ്ങളുടെ തലയില്‍ കെട്ടിവെക്കുമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ള.നിസാമുദ്ധീനില്‍ തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്തവര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്തവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് മുസ്‌ലിംകളെ അപമാനിക്കാന്‍ വേണ്ടി ചിലര്‍ ഉപയോഗിക്കും. കൊറോണ വൈറസ് സൃഷ്ടിച്ചതും ലോകവ്യാപകമാക്കിയതും തങ്ങളാണെന്ന വിധത്തിലായിരിക്കും ചിലര്‍ ഇനി സംസാരിക്കുകയെന്നും ഉമര്‍
അബ്ദുല്ല അഭിപ്രായപ്പെട്ടു. നിസാമുദ്ധീന്‍ തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത 24 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 1500 ഓളം ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തുവെന്നാണ് കരുതുന്നത്. തെലങ്കാനയില്‍ വൈറസ് ബാധിച്ച് മരിച്ചവരില്‍ ആറു പേര്‍ നിസാമുദ്ധീനിലെ തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്തിരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.സൗദിയിൽനിന്നടക്കമുള്ളവർ ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസം ശ്രീനഗറിൽ മരിച്ച പണ്ഡിതനും ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. സൗദിക്ക് പുറമെ, മലേഷ്യ, ഇന്തോനേഷ്യ, കിർഗിസ്ഥാൻ എന്നിവടങ്ങളിൽനിന്നുള്ള പ്രതിനിധികളും ഈ സമ്മേളനത്തിന് എത്തിയിരുന്നു. അതേസമയം, രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷവും ഇവിടെ 1400-ഓളം പേർ ഈ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നുവെന്നാണ് വിവരം. സമ്മേളനത്തിൽ പങ്കെടുത്ത 300-ഓളം പേരെ വിവിധ ആശുപത്രികളിൽ ഐസലേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. സമ്മേളനത്തിൽ പങ്കെടുത്തവരിൽ ഒൻപത് ബന്ധുക്കൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
തെലങ്കാനയിൽ മരിച്ചവരുമായി ബന്ധപ്പെട്ടവരുടെ കോണ്ടാക്ട് ലിസ്റ്റ് ശേഖരിച്ചിട്ടുണ്ടെന്നും രോഗം പടരുന്നത് തടയാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പറഞ്ഞു. ഈ സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളും ബന്ധപ്പെടണമെന്ന് തെലങ്കാന അധികൃതർ അറിയിച്ചു.
Now the #TablighiJamat will become a convenient excuse for some to vilify Muslims everywhere as if we created & spread #COVID around the world.
— Omar Abdullah (@OmarAbdullah) March 31, 2020