Sorry, you need to enable JavaScript to visit this website.

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ കുടുങ്ങി

നേപ്പാളില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ ഉത്തരാഖണ്ഡിലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ കുടുങ്ങിയവര്‍.

കാട്മണ്ഡു- ബിഹാറില്‍നിന്നും ഉത്തര്‍പ്രദേശില്‍നിന്നുമുള്ള ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ കുടുങ്ങി. ഇരു രാജ്യങ്ങളും കോവിഡ് ലോക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഇവര്‍ റക്‌സാവല്‍-ബീര്‍ഗഞ്ച് അതിര്‍ത്തിയില്‍  കുടുങ്ങിയിരിക്കുന്നത്.


മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് വീടുകളിലേക്ക് മടങ്ങാന്‍ ശ്രമിച്ച തൊഴിലാളികള്‍ ആര്‍ക്കും അവകാശമില്ലാത്ത ഭൂമിയില്‍ കുടുങ്ങിയത്.

ബിഹാറിലേക്ക് വിദേശികള്‍ പ്രവേശിക്കുന്നത് തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 16-നാണ് ഇന്ത്യ നേപ്പാളുമായുള്ള അതിര്‍ത്തി അടച്ചത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രണ്ടാഴ്ചത്തേക്ക് ബസ് സര്‍വീസ് നിര്‍ത്തിവെക്കുകയും ചെയ്തു. അതിര്‍ത്തിയിലെ 49 ട്രാന്‍സിറ്റ് പോയന്റുകളിലൊന്നില്‍ കോവിഡ് ലക്ഷണമുള്ള ഒരാളെ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടികളെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനു പുറമെ ഒരു കോവിഡ് ബാധ നേപ്പാളില്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജില്ലകളില്‍ പ്രത്യേക നിരീക്ഷണം തുടരുകയാണെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
അതിനിടെ, നേപ്പാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഏപ്രില്‍ 17 വരെ നീട്ടിയിരിക്കയാണ്. നേപ്പാളില്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഭക്ഷ്യവസ്തുക്കള്‍ ലഭിക്കാതായതോടെ കുടിയേറ്റ തൊഴിലാളികള്‍ ദുരിതത്തിലാണ്. ഇതു കാരണമാണ് അവര്‍ കാല്‍നടയായി അതിര്‍ത്തി കടക്കാന്‍ തീരുമാനിച്ചത്. ബിഹാറിലെ മോത്തിഹരിയില്‍ ജില്ലാ മജിസ്‌ട്രേറ്റും പോലീസ് സൂപ്രണ്ടും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. ജനങ്ങളുടെ സുരക്ഷയാണ് ഇപ്പോള്‍ പ്രധാനമെന്നും അതുകൊണ്ടാണ് അതിര്‍ത്തി അടച്ചതെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. അതിര്‍ത്തികളിലുള്ളവര്‍ക്ക് സൗകര്യം ഒരുക്കാന്‍ വിദേശ മന്ത്രാലയവും കാട്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയും നേപ്പാള്‍ അധികൃതരുമായി ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.


ഉത്തരാഖണ്ഡിലെ ധര്‍ക്കുളയില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലും ആയിരക്കണക്കിന് നേപ്പാളി കുടിയേറ്റ തൊഴിലാളികളും കുടുങ്ങിയിട്ടുണ്ട്. എല്ലാ അതിര്‍ത്തികളും അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

 

 

Latest News