Sorry, you need to enable JavaScript to visit this website.

ആയിരം രൂപയുടെ 99 ശതമാനം  നോട്ടുകളും തിരിച്ചെത്തി, നോട്ടുനിരോധനം മണ്ടത്തരമായെന്ന് ആര്‍ബിഐ കണക്കുകള്‍

ന്യൂദല്‍ഹി- കഴിഞ്ഞ വര്‍ഷം നവംബറില്‍ നോട്ടു നിരോധിച്ച ശേഷം 1000 രൂപയുടെ നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 8.9 കോടി (1.4 ശതമാനം) 1000 രൂപാ നോട്ടുകള്‍ മാത്രമെ ഇനി തിരികെ എത്താനുള്ളൂ. 632.6 കോടി 1000 രൂപാ നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. ആര്‍ബിഐ കണക്കുകള്‍ പ്രകാരം വിപണിയിലുണ്ടായിരുന്ന 15.44 ലക്ഷം കോടി രൂപ മൂല്യമുള്ള നിരോധിത നോട്ടുകളില്‍ 15.28 ലക്ഷം കോടിയുടെ നോട്ടും തിരിച്ചെത്തിയിട്ടുണ്ട്. കള്ളപ്പണം പിടികൂടാനാണെന്ന പേരില്‍ നടപ്പിലാക്കിയ ഈ പരിഷ്‌കരണം ഇതോടെ പാളിയെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം.

നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തി എന്നതിനര്‍ത്ഥം കള്ളപ്പണം വിദഗ്ധമായി നിയമപരമാക്കപ്പെട്ടു എന്നോ അല്ലെങ്കില്‍ കള്ളപ്പണം 1000 രൂപയുടെ നോട്ടുകളായല്ല ഒളിപ്പിക്കപ്പെട്ടത് എന്നോ ആണ്. രണ്ടിലേതായാലും സര്‍ക്കാരിന്റെ നോട്ടു നിരോധനം പാളി എന്നു സാരം.

2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി ഒരു മുന്നറിയിപ്പുമില്ലാതെ ടിവിയില്‍ പ്രത്യക്ഷപ്പെട്ട് തൊട്ടടുത്ത ദിവസം മുതല്‍ 1000, 500 രൂപാ നോട്ടുകള്‍ നിരാധിച്ചതായി പ്രഖ്യാപിച്ചത്. കള്ളപ്പണം പിടികൂടാനുള്ള ചരിത്രപരമായ നീക്കമെന്ന് കൊട്ടിഘോഷിച്ചായിരുന്നു ഇത്. കേന്ദ്ര സര്‍ക്കാരിനു വേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 1000, 500 രൂപാ നോട്ടുകള്‍ നിരാധിക്കുകയും ചെയ്തു. ഈ നോട്ടു നിരോധനം പരാജയപ്പെട്ടാല്‍ ഏതു തരത്തിലുള്ള ശിക്ഷ ഏറ്റുവാങ്ങാനും താന്‍ തയാറാണെന്നും ദിവസങ്ങള്‍ക്കു ശേഷം ഒരു വൈകാരിക പ്രസംഗത്തിനിടെ മോഡി പറഞ്ഞിരുന്നു. 

ആര്‍ ബി ഐ ബുധനാഴ്ച പുതിയ കണക്കുകള്‍ പുറത്തു വിട്ടതോടെ ഇതൊരു വന്‍ പരാജയമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നോട്ടുനിരാധനം നടപ്പാക്കിയ എട്ടു മാസങ്ങള്‍ക്കു ശേഷം  കറന്‍സി മാറ്റിനല്‍കാന്‍ അനുവദിച്ച സമയപരിധി  അവസാനിച്ചിട്ടും  തിരിച്ചെത്തിയ നിരോധിത നോട്ടുകളുടെ കൃത്യമായ എണ്ണം പുറത്തുവിടാതെ സര്‍ക്കാര്‍ രഹസ്യമാക്കി വച്ചതായിരുന്നു. പാര്‍ലമെന്റ് മുഖേനയും സുപ്രീം കോടതി മുഖേനയും വിവരാവകാശ നിയമപ്രകാരവും വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ മറുപടി തിരിച്ചെത്തിയ നിരാധിത നോട്ടുകള്‍ ഇതുവരെ എണ്ണിത്തീര്‍ന്നിട്ടില്ലെന്നായിരുന്നു. കള്ളനോട്ടുകള്‍ കണ്ടെത്താന്‍ ഓരോ നോട്ടും സൂക്ഷ്മമായി പരിശോധിക്കുന്നതിനാലാണ് എണ്ണിത്തീരാന്‍ കാലതാമസമെടുക്കുന്നത് എന്നായിരുന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ മറുപടി.

വിപണിയിലുള്ള കറന്‍സികളുടെ വിവരങ്ങള്‍ സമയാസമയം പുറത്തുവിടാനുള്ള ഉത്തരവാദിത്തം റിസര്‍വ് ബാങ്കിനുണ്ടെങ്കിലും വിവരങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദം ആര്‍ ബി ഐക്ക് മേലുണ്ടായിരുന്നു. എന്നാല്‍ ഇപ്പേള്‍ പുറത്തു വന്ന കണക്കുകള്‍ ഈ നീക്കത്തിനു പിന്നിലെ രഹസ്യങ്ങള്‍ വെളിച്ചത്തു കൊണ്ടു വരുന്നതാണ്.

2017 മാര്‍ച്ച് 31-ന് 2016-17 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 8,925 കോടി രൂപ മൂല്യമുള്ള 1000 രൂപാ നോട്ടുകള്‍ വിപണിയില്‍ ഉപയോഗത്തിലുണ്ടായിരുന്നു. അതായത് നോട്ടു നിരാധിച്ചിട്ടും റിസര്‍വ് ബാങ്കില്‍ തിരിച്ചെത്താത്ത നോട്ടുകളായിരുന്നു ഇത്. നോട്ടുനിരോധിക്കുമ്പോള്‍ 2016 നവംബര്‍ എട്ടിന് വിപണിയിലുണ്ടായിരുന്നത് 6.86 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള 1000 രൂപാ നോട്ടുകളാണെന്ന് നേരത്തെ സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ 6.86 ലക്ഷം കോടിയില്‍ 8925 കോടി രൂപയുടെ 1000 നോട്ടുകള്‍ മാത്രമെ ഇനിയും തിരിച്ചെത്താനുള്ളൂ. ഇത് വെറും 1.3 ശതമാനം മാത്രമാണ്. 98.96 ശതമാനം നിരോധിത 1000 രൂപാ നോട്ടുകളും റിസര്‍വ് ബാങ്കിലെത്തി.

15.44 ലക്ഷം കോടി രൂപ മൂല്യമുള്ള ആകെ നിരാധിത നോട്ടുകളില്‍ 44 ശതമാനം 1000 രൂപാ നോട്ടുകളും 56 ശതമാനം 500 രൂപാ നോട്ടുകളുമാണ് ഉണ്ടായിരുന്നത്. 1000 രൂപാ നോട്ടുകളുടെ കണക്കുകള്‍ വിശകലനം ചെയ്ത പോലെ 500 രൂപയുടെ കണക്കുകള്‍ കൃത്യമായി വിശകലനം ചെയ്യാന്‍ സാധ്യമല്ല. കാരണം നോട്ടു നിരോധനത്തോടൊപ്പം തന്നെ പുതിയ 500 രൂപാ നോട്ടുകളും അടിച്ചിറക്കി വിതരണം ചെയ്തിരുന്നു. അതു കൊണ്ടു തന്നെ 2017 മാര്‍ച്ച് 31-ല്‍ വിപണിയിലുണ്ടായിരുന്ന 500 രൂപാ നോട്ടുകളില്‍ ഭൂരിഭാഗവും പുതിയ നോ്ട്ടുകളായിരുന്നു. 1000 രൂപാ നോട്ടുകളുടെ കാര്യത്തില്‍ സംഭവിച്ചത് തന്നെയാണ് 500 രൂപാ നോട്ടുകളുടെ കാര്യത്തിലും സംഭവിക്കുകയെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടിട്ടില്ലെങ്കിലും  98-99 ശതമാനം 500 രൂപാ നോട്ടുകളും തിരിച്ചെത്തിയിട്ടുണ്ടാകുമെന്നാണ് ഇവരുടെ നിഗമനം. നിരോധിത നോട്ടുകളുടെ 98.8 ശതമാനവും റിസര്‍വ് ബാങ്കിലെത്തിയതായി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ മുന്‍ സാമ്പത്തികശാസ്ത്ര പ്രൊഫസര്‍ അരുണ്‍ കുമാര്‍ ജൂണില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ലളിതമായി പറഞ്ഞാല്‍ മോഡിയുടെ നോട്ടു നിരാധനം ചരിത്രപരമായ മണ്ടത്തരമായെന്നും കള്ളപ്പണം ഒന്നും തന്നെ പിടികൂടാനായില്ലെന്നുമാണ് ഈ കണക്കുകളില്‍ നിന്ന് വ്യ്ക്തമായിരിക്കുന്നത്. നേരത്തെ അവകാശപ്പെട്ടിരുന്ന പോലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കോ കള്ളനോട്ടുകളുടെ വ്യാപനത്തിനെ നോട്ടുനിരാധനത്തിനു ശേഷവും കുറവില്ല. ലോകത്തൊട്ടാകെയുള്ള സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ച പോലെ ഈ നോട്ടുനിരോധനം എല്ലാ തലത്തിലും ഒരു പരാജയമായിരുന്നെന്ന് തെളിഞ്ഞിരിക്കുകയാണ്. 

കടപ്പാട്: ന്യൂസ്‌ക്ലിക്ക്

Latest News