ന്യൂദല്‍ഹി-ദിവസം ചെല്ലുന്തോറും കൊറോണ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുകയാണ്. ഈ സാഹചര്യത്തില്‍ ആശുപത്രികളിലെ ജീവന്‍ സുരക്ഷാ ഉപകരണങ്ങളുടെയും മറ്റ് ചികിത്സ സംബന്ധ ഉപകരണങ്ങളുടെയും കുറവ് പരിഹരിക്കാന്‍ നടപടികള്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. 40,000 വെന്റിലേറ്ററുകള്‍ വാങ്ങാനുള്ള അനുമതി കേന്ദ്രം നല്‍കി. മാത്രമല്ല രണ്ടു മാസത്തിനകം 30,000 വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ പ്രദേശിക നിര്‍മ്മാതാക്കളുമായി കൂടിചേര്‍ന്ന് ഭാരത് ഇലക്ട്രോണിക്‌സിനും നിര്‍ദേശം നല്‍കി. ഓട്ടോ മൊബൈല്‍ നിര്‍മ്മാതാക്കളോടും വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.10,000 വെന്റിലേറ്റുകള്‍ ഒരുമാസത്തിനുള്ളില്‍ നിര്‍മ്മിക്കാന്‍ നോയിഡ ആസ്ഥാനമായുള്ള കമ്പനിക്ക് അനുമതി നല്‍കി. ഏപ്രില്‍ രണ്ടാമത്തെ ആഴ്ച മുതല്‍ കമ്പനി നിര്‍മ്മാണം ആരംഭിക്കും.
കൂടാതെ സ്‌ക്രീനിംഗും മറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും കൊറോണ രോഗികളെ ശുശ്രൂഷിക്കുന്നവര്‍ക്കും വേണ്ടിയുള്ള 21 ലക്ഷത്തിലേറെ വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ (പി.പി.ഇ കവര്‍ഓള്‍) നിര്‍മ്മിക്കാനും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം വിദേശകാര്യ മന്ത്രാലയം വഴി 10 ലക്ഷം പി.പി.ഇ കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള കമ്പനിയാണ് ഇവ നിര്‍മ്മിച്ചു നല്‍കുക.