ശ്രീനഗർ- ഭീകരാക്രമണത്തിൽ അച്ഛനെ നഷ്്ടപ്പെട്ട ഏഴു വയസുകാരിയുടെ കരച്ചിൽ ഞങ്ങളുടെയൊക്കെ ഹൃദയം പൊള്ളിക്കുന്നുവെന്ന് കശ്മീർ ഡി.ഐ.ജി. കശ്മീർ പോലീസിലെ ഉദ്യോഗസ്ഥനായിരുന്ന അബ്ദുൽ റഷീദ് പീറിന്റെ മരണാനന്തര ചടങ്ങിൽ പൊട്ടിക്കരയുന്ന മകൾ സുഹ്‌റയുടെ കണ്ണീർ കണ്ടുനിന്നവരുടെയെല്ലാം ഉളളുലച്ചിരുന്നു. ഇഅനന്ദ്‌നാഗ് ജില്ലയിലെ തിരക്കേറിയ മാർക്കറ്റിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അബ്ദുൽ റഷീദ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. റഷീദിന്റെ മരണാനന്തര ചടങ്ങിനിടെ പൊട്ടിക്കരയുന്ന സുഹ്‌റയുടെ ചിത്രങ്ങൾ സോഷ്യൽ മീഡയയിലൂടെ നിരവധി പേർ പങ്കുവെച്ചിരുന്നു. തന്റെ അച്ഛൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും എന്തിനാണ് അദ്ദേഹത്തെ കൊന്നതെന്നും സുഹ്‌റയുടെ സഹോദരി ചോദിച്ചിരുന്നു. രക്തസാക്ഷിയുടെ മകളായതിൽ ്അഭിമാനമുണ്ടെന്നും ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞദിവസമാണ് സുഹ്‌റയുടെ കണ്ണീരിനെ പറ്റി കശ്മീർ പോലീസ് മേധാവി ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത്. സുഹ്‌റയുടെ കണ്ണീർ ഞങ്ങളുടെയെല്ലാം ഉള്ളുപൊള്ളിക്കുന്നുവെന്നും റഷീദ് എക്കാലവും ഓർമ്മിക്കപ്പെടുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ഡി.ഐ.ജി അനുസ്മരിച്ചു. ഒരു ശരിയായ പോലീസുകാരനായിരുന്നു അബ്്ദുൽ റഷീദെന്നും കർത്തവ്യനിർവഹണത്തിനിടെ വീരമൃത്യു വരിച്ച അദ്ദേഹത്തെ മറക്കാനാകില്ലെന്നും സുഹ്്‌റക്കായി എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ഡി.ഐ.ജി പറഞ്ഞു.