ന്യൂയോര്‍ക്ക്- ലോകരാജ്യങ്ങളില്‍ കൊറോണ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ ദേശീയ അടച്ചുപൂട്ടല്‍ ഒരു മാസത്തേക്ക് കൂടി നീട്ടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസിന്റെ ഏറ്റവും മോശം അവസ്ഥ ഇനിയും വരാനിരിക്കുന്നതേയുള്ളുവെന്ന പൊതുജനാരോഗ്യ വിദഗ്ധരുടെ ശാസ്ത്രീയ മുന്നറിയിപ്പ് കണക്കിലെടുത്താണ് പുതിയ തീരുമാനം.
രാജ്യത്ത് യാത്രാനിയന്ത്രണങ്ങള്‍ നിലവില്‍ ഇല്ലെങ്കിലും സാമൂഹ്യ അകലം പാലിക്കുന്നതില്‍ ശ്രദ്ധിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്നലെ അവസാനിക്കാനിരുന്ന 15 ദിവസത്തെ സാമൂഹിക അകലം ഏപ്രില്‍ 30 വരെയാണിപ്പോള്‍ നീട്ടിയിരിക്കുന്നത്. ജൂണ്‍ 1 നകം കാര്യങ്ങള്‍ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് വ്യക്തമാക്കി.
വലിയ ഗ്രൂപ്പ് ഒത്തുചേരലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രായമായവരെയും നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളവരെയും വീട്ടില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നുവെന്നും സാധ്യമായവര്‍ വീട്ടില്‍ ജോലിചെയ്യാനും റസ്‌റ്റോറന്റുകള്‍, ബാറുകള്‍, അനിവാര്യമല്ലാത്ത യാത്രകള്‍, ഷോപ്പിംഗ് യാത്രകള്‍ എന്നിവ ഒഴിവാക്കാനും ജനങ്ങളോട് ട്രംപ് അഭ്യര്‍ത്ഥിച്ചു.
അതേസമയം, ന്യൂയോര്‍ക്ക് സിറ്റിയില്‍ മരണനിരക്കും രോഗികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ട്. 237 പേര്‍ ഒരു ദിവസം മരിച്ചുവെന്നാണ് ഞായറാഴ്ച്ച ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ.എം.ക്യൂമോ പറഞ്ഞത്. ഇത് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഒരു ദിവസത്തെ ഏറ്റവും വലിയ മരണസംഖ്യയാണ്.
മാത്രമല്ല ന്യൂയോര്‍ക്ക് നേരിടുന്ന പ്രതിസന്ധി കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളില്‍ ആവശ്യത്തിന് വെന്റിലേറ്ററുകള്‍ ഇല്ലെന്നതും വലിയ പ്രതിസന്ധിയുണ്ട്. പലേടത്തും ആവശ്യത്തിനു ജീവനക്കാരില്ല. ഉള്ളവര്‍ തന്നെ അമിതജോലിഭാരത്തില്‍ വലയുന്നുവെന്ന റിപ്പോര്‍ട്ടുമുണ്ട്.
സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഒരു ദിവസം 7,200 ആയി ഉയര്‍ന്നു. ഞായറാഴ്ച വരെ 59,513 കേസുകളാണ് സ്ഥിരീകരിച്ചത്. നഗരങ്ങളില്‍ നിന്നും സംസ്ഥാനത്തു നിന്നുമുള്ള ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പകുതിയിലധികം കേസുകള്‍ അഥവാ 33,768 എണ്ണം ന്യൂയോരക്ക് നഗരത്തിലാണ്.