Sorry, you need to enable JavaScript to visit this website.

സൗദി ലൈസൻസ് സ്വീകരിക്കാൻ വൈകുന്നവർക്കു പിഴയില്ല

റിയാദ് - പുതുക്കിയ ഡ്രൈവിംഗ് ലൈസൻസും വാഹന ഉടമസ്ഥാവകാശ രേഖയും (ഇസ്തിമാറ) സ്വീകരിക്കാൻ വൈകുന്നതിനുള്ള പിഴകൾ താൽക്കാലികമായി നിർത്തിവെച്ചതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. പുതുക്കിയ ലൈസൻസ് ബന്ധപ്പെട്ട ട്രാഫിക് ഡയറക്ടറേറ്റിൽ നിന്ന് വേഗത്തിൽ സ്വീകരിക്കൽ ട്രാഫിക് നിയമം നിർബന്ധമാക്കുന്നു. പുതുക്കിയ ലൈസൻസ് ഒരാഴ്ചക്കകം സ്വീകരിക്കണമെന്നാണ് വ്യവസ്ഥ. ഇത് ലംഘിക്കുന്നവർക്ക് 100 റിയാൽ തോതിൽ പിഴ ചുമത്തും. 


കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകളിൽ ഉപയോക്താക്കൾ നേരിട്ട് എത്തുന്നത് താൽക്കാലികമായി വിലക്കിയതിനാൽ പുതുക്കിയ ഡ്രൈവിംഗ് ലൈസൻസ് കൈപ്പറ്റുന്നതിന് ട്രാഫിക് ഡയറക്ടറേറ്റുകളിൽ നേരിട്ട് എത്താൻ ഉപയോക്താക്കൾക്ക് സാധിക്കില്ല. ഇക്കാര്യം കണക്കിലെടുത്ത് ലൈസൻസുകൾ തപാൽ വഴി നേരിട്ട് എത്തിച്ചുനൽകുന്ന സേവനം പ്രയോജനപ്പെടുത്തണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ അബ്ശിർ വഴിയാണ് തപാൽ വഴി ലൈസൻസ് എത്തിച്ചു നൽകുന്നതിന് അപേക്ഷ നൽകേണ്ടത്. 
നിലവിൽ ട്രാഫിക് ഡയറക്ടറേറ്റ് ആസ്ഥാനങ്ങളെ നേരിട്ട് സമീപിച്ച് ഡ്രൈവിംഗ് ലൈസൻസ് കൈപ്പറ്റാത്തവർക്ക് പിഴയില്ല. എന്നാൽ ലൈസൻസും ഇസ്തിമാറയും തപാൽ വഴി നേരിട്ട് എത്തിച്ചു നൽകുന്നതിന് അബ്ശിർ പോർട്ടൽ വഴി അപേക്ഷ നൽകണം. നാഷണൽ അഡ്രസ് (വാസിൽ) ഉള്ളവർക്ക് ലൈസൻസും ഇസ്തിമാറയും തപാൽ വഴി നേരിട്ട് എത്തിച്ചു നൽകുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. 

Latest News