ബെയ്ജിംഗ്-ലോകത്താകെ മഹാമാരിയായി പടര്‍ന്ന കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ ചൈനയിലെ വുഹാനില്‍ മാത്രം 42,000 പേര്‍ മരിച്ചെന്ന് മരിച്ചെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലോകത്ത് കൊറോണ വൈറസ് രോഗബാധ മൂലം മരണം 32,000 കവിഞ്ഞപ്പോഴും 3300 പേര്‍ മാത്രം മരിച്ചെന്നാണ് ചൈന പുറത്ത് വിടുന്ന കണക്ക്. എന്നാല്‍ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ മാത്രം 42,000 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
ചൈനയിലെ ശ്മശാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം മരണസംഖ്യ 50,000 വരെയാകാമെന്ന് ഫെബ്രുവരി മാസത്തില്‍ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രവാസിയായ ചൈനീസ് വ്യവസായി ഗുവോ വെന്‍ഗുയി വ്യക്തമാക്കിയിരുന്നു. കൂടാതെ ചൈനയിലെ മരണം എഴുപതിനായിരത്തോളം ആണെന്ന് ഒരു വാര്‍ത്ത വന്നെങ്കിലും മണിക്കൂറുകള്‍ക്കകം അത് അപ്രത്യക്ഷമായിരുന്നു.
വുഹാനില്‍ പ്രവര്‍ത്തനക്ഷമമായ ഏഴ് ശ്മശാനങ്ങളില്‍ ഓരോന്നില്‍ നിന്നും ഓരോ ദിവസവും ചിതാഭസ്മം അടങ്ങിയ 500 കുടങ്ങളാണ് മരിച്ചവരുടെ ബന്ധുക്കള്‍ക്കായി നല്‍കിയത് എന്നാണ് വുഹാന്‍ നിവാസികള്‍ പറയുന്നത്. ഇത്തരത്തില്‍ ദിവസേന 3500 പേരുടെ മരണമെങ്കിലും നടക്കുന്നു എന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.
ഇറ്റലിയില്‍ പതിനായിരം കടന്ന് മരണ നിരക്ക് ഉയരുമ്പോഴും ചൈനയില്‍ മരണ നിരക്ക് ഉയരാതിരിക്കുന്നത് ശരിയായ കണക്ക് മറിച്ചുവെച്ചതു മൂലമാണെന്നു നേരത്തെ മുതല്‍ ആരോപണം ഉണ്ടായിരുന്നു. ചൈനയില്‍ വൈറസ് പൊട്ടിപ്പുറപ്പെട്ടിട്ടും മാസങ്ങളോളം അത് പുറത്തുവിടാതിരുന്നതും യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചു വച്ചതുമാണ് ലോകത്തെ ഇന്നത്തെ ദുരിതത്തിന്റെ ആക്കം കൂട്ടിയത്.