ഹൈദരാബാദ്- കോവിഡ് -19 ലോക്ക്‌ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് ശമ്പളം വെട്ടിക്കുറച്ച് തെലങ്കാന സർക്കാർ. ഒരു മാസത്തോളമായി സംസ്ഥാനത്ത് റവന്യൂ പിരിവ് കുത്തനെ ഇടിഞ്ഞതാണ് കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സംസ്ഥാനത്തെ പ്രേരിപ്പിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും കരാർ ജീവനക്കാര്‍ക്കും ഈ മാസം നല്‍കുന്ന ശമ്പളത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഭരണ നിര്‍വഹണത്തിന്റെ ഭാഗമായ പൊതുപ്രവര്‍ത്തകര്‍ക്കും വന്‍തോതില്‍ വെട്ടിക്കുറച്ചാണ് ഇത്തവണ വേതനം നല്‍കുന്നത്.
ഐഎഎസ്, ഐപിഎസ്, ഐഎഫ്‌എസ് തുടങ്ങിയ അഖിലേന്ത്യാ സർവീസ് ഓഫീസർമാർക്ക് ശമ്പളത്തിന്റെ 60 ശതമാനം കുറയ്ക്കുമ്പോള്‍ മറ്റ് എല്ലാ സംസ്ഥാന ഉദ്യോഗസ്ഥർക്കും പകുതി ശമ്പളം മാത്രമേ ലഭിക്കൂ എന്നും തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സർക്കാർ പെൻഷൻകാർക്ക് അവരുടെ പെൻഷന്റെ 50 ശതമാനം മാത്രമേ നല്‍കുകയുള്ളൂ. കുറഞ്ഞ വേതനമുള്ള കരാര്‍ ജോലിക്കാരുടെ ശമ്പളത്തിന്റെ 10 ശതമാനം പിടിച്ചുവയ്ക്കും.
അതുപോലെ എംഎൽഎ, എംഎൽസി, മറ്റ് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ ഇസഡ്പിടിസി, എംപിടിസി, ചെയർപേഴ്‌സൺമാർ, മേയർമാർ, വാർഡ് അംഗങ്ങൾ, കൗൺസിലർമാർ എന്നിവർക്ക് ശമ്പളത്തിന്റെ 25 ശതമാനം മാത്രമേ നൽകൂ.
ജിഎസ്ടി, പ്രോപ്പർട്ടി രജിസ്ട്രേഷൻ, എക്സൈസ് തീരുവ, നികുതി തുടങ്ങി വിവിധ സ്രോതസ്സുകളിൽ നിന്ന് 7,000 കോടി രൂപയാണ് തെലങ്കാന സർക്കാരിന് പ്രതിമാസം ലഭിക്കുന്നത്. എന്നാൽ ലോക്ക്ഡൗണ്‍ കാരണം ഏകദേശം 4,000 കോടി രൂപ മാത്രമേ സംസ്ഥാനത്തിന് ഇത്തവണ ലഭിച്ചുള്ളൂ.