Sorry, you need to enable JavaScript to visit this website.

ആട്ടിയോടിക്കപ്പെട്ടവർ, അഭയം ലഭിക്കാത്തവർ...

ഞാൻ ടോയ്‌ലറ്റിൽ പോയതായിരുന്നു. തിരിച്ചുവന്നപ്പോഴേക്കും അച്ഛനെയും അമ്മയെയും സൈന്യം ആട്ടിയോടിച്ചു. ഞാനിനി അവരെ എവിടെ പോയി തിരയും. എനിക്കെങ്ങിനെ ഇനി അവരുടെ കൂടെ ചേരാനാകും. പതിനൊന്നുകാരി മറിയം ഇത് ചോദിക്കുമ്പോൾ ഇരുകവിളുകളിലൂടെയും കണ്ണീരൊലിക്കുന്നുണ്ടായിരുന്നുവെന്ന് വാർത്ത ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു.  

മ്യാൻമറിലെ റാഖിൻ സംസ്ഥാനത്തുനിന്ന് സൈന്യത്തിന്റെ കൊടുംക്രൂരത സഹിക്കാനാകാതെ ബംഗ്ലാദേശിലേക്ക് അഭയം തേടിയെത്തിയ ആയിരങ്ങളിലൊന്നാണ് ഈ പെരുവഴിയിലിരുന്ന് കരയുന്ന കുരുന്ന്. മ്യാൻമർ അഭയാർഥികളെ സ്വീകരിക്കാൻ ഐക്യരാഷ്ട്രസഭയുടെ അടക്കം നിർദ്ദേശമുണ്ടായിട്ടും ഏറ്റെടുക്കാൻ ബംഗ്ലാദേശ് തയ്യാറായിട്ടില്ല. നാലു ലക്ഷത്തോളം അഭയാർഥികൾ ഇപ്പോഴുണ്ടെന്നും ഇനിയും ആളുകളെ സ്വീകരിക്കാൻ കഴിയില്ലെന്നുമാണ് ബംഗ്ലാദേശിന്റെ നിലപാട്. 

തങ്ങളുടെ രാജ്യത്തേക്ക് അഭയാർഥികൾ കടന്നുവരാതിരിക്കാൻ അതിർത്തിയിൽ കനത്ത കാവൽ ഏർപ്പെടുത്തിയ ബംഗ്ലാദേശ് ഇവരോട് തിരികെ പോകാനാണ് ആവശ്യപ്പെടുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച മുതലാണ് മ്യാൻമറിലെ റാഖിൻ സംസ്ഥാനത്ത് മുസ്‌ലിംകൾക്ക് കനത്ത പീഡനം ഏൽക്കേണ്ടി വരുന്നത്. പോലീസ് ഔട്ട്‌പോസ്റ്റുകൾക്കുനേരെ അറാകൻ റോഹിൻഗ്യ സാൽവേഷൻ ആർമി ആക്രമണം നടത്തിയതിനുള്ള പ്രതികാരമായാണ് നിരപരാധികളെ മ്യാൻമർ സൈന്യം വകവരുത്തുന്നത്. മുസ്‌ലിംകളുടെ വീടുകളെല്ലാം സൈന്യം കത്തിക്കുകയാണ്.  കുട്ടികളെയും സ്ത്രീകളെയുമെല്ലാം വെടിവെച്ചുകൊല്ലുന്നു. 110 പേർ ഇതോടകം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ യഥാർത്ഥ സംഖ്യ ഇതിലും എത്രയോ ഇരട്ടിയാണെന്നാണ് അനൗദ്യോഗിക വിവരം.

ഏറ്റവും പുതുതായി, 52,00 പേർ ബംഗ്ലാദേശിൽ അഭയം തേടി എത്തിയിട്ടുണ്ടെന്ന് യു.എൻ. അഭയാർത്ഥി വിഭാഗത്തിനുള്ള ഏജൻസി അഭിപ്രായപ്പെടുന്നു. എന്നാൽ ഇതിലും എത്രയോ ഇരട്ടിയാളുകൾ ബംഗ്ലാദേശിലേക്ക് കടക്കാനാകാതെ ദുരിതത്തിൽ കഴിയുകയാണ് എന്നാണ് റിപ്പോർട്ട്. ആറായിരത്തോളം വരുന്ന മ്യാൻമർ സ്വദേശികൾ അതിർത്തിയിൽ കൂട്ടംകൂടി നിൽക്കുകയാണെന്ന് ബംഗ്ലാദേശ് അതിർത്തി സേന( ബോർഡർ ഗാർഡ് ബംഗ്ലാദേശ്-ബി.ജി.ബി)യുടെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നാഫ് നദിയിലൂടെ ബംഗ്ലാദേശ് അതിർത്തിയിലേക്ക് കടക്കാനാണ് അഭയാർത്ഥികൾ ശ്രമിക്കുന്നത്. ഈ മേഖല ഇപ്പോഴും സംഘർഷഭരിതമാണെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കഴിഞ്ഞദിവസം രാത്രി വലിയ തോതിലുള്ള വെടിവെപ്പ് നടക്കുന്നതിന്റെ ശബ്ദം കേട്ടുവെന്നും അദ്ദേഹം പറഞ്ഞു. പതിനായിരത്തോളം റോഹിംഗ്യൻ മുസ്‌ലിംകൾ കാട്ടിലും മലയിടുക്കുകളിലും മറ്റുമായി ഒളിച്ചിരിക്കുകയാണെന്ന് മറ്റൊരു ബി.ജി.ബി ഉദ്യോഗസ്ഥൻ പറഞ്ഞു. ഗർഭിണികളും ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞുങ്ങളുമുള്ളവരെല്ലാം അഭയാർത്ഥി സംഘത്തിലുണ്ട്. ഇവരെ തിരിച്ചയക്കാനും പ്രവേശിപ്പിക്കാനുമാകാത്ത അവസ്ഥയിലാണ് അതിർത്തി രക്ഷാസേനയും. കൊടുംതണുപ്പേറ്റ് കുഞ്ഞുങ്ങൾ മരിച്ചുപോകുന്ന അവസ്ഥയുമുണ്ട്. ഏകദേശം നാലു ലക്ഷത്തോളം റോഹിംഗ്യൻ അഭയാർഥികൾ നിലവിൽ ബംഗ്ലാദേശിലുണ്ട്. ഇനിയും അഭയാർഥികളെ സ്വീകരിക്കാനാകില്ലെന്ന നിലപാടിലാണ് ബംഗ്ലാദേശ്. 

അതേസമയം, ഇവരുടെ പ്രവേശനം നിരോധിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് യു.എൻ അഭയാർഥി ഏജൻസി അഭിപ്രായപ്പെട്ടു. കൊടുംക്രൂരതയിൽനിന്ന് രക്ഷതേടിയാണ് റോഹിംഗ്യൻസ് വരുന്നതെന്നും അവർക്ക് മുന്നിൽ വാതിൽ കൊട്ടിയടക്കരുതെന്നും യു.എൻ അഭ്യർത്ഥിച്ചു. കനത്ത മഴയും ഈ മേഖലയിൽ പെയ്യുന്നുണ്ട്. ചിലയിടങ്ങളിൽ താർപ്പായ കൊണ്ട് താൽക്കാലിക ഷെഡുകളുണ്ടാക്കിയിട്ടുണ്ട്. അതിർത്തിയിലേക്ക് വരുന്നവരെ ബംഗ്ലാദേശ് സൈന്യം തിരിച്ചോടിക്കുന്നതിനിടെ പലരും കൂട്ടം തെറ്റുകയും ചെയ്യുന്നു. ഞാൻ ടോയ്‌ലറ്റിൽ പോയി തിരിച്ചുവന്നപ്പോഴേക്കും അച്ഛനെയും അമ്മയെയും സൈന്യം ഓടിച്ചു. അവരെ ഞാനിനി എങ്ങിനെ കണ്ടെത്തും. മ്യാൻമറിലെ റാഖിനിൽ റോഹിംഗ്യൻ തീവ്രവാദികൾക്കെതിരെ സംയുക്ത ഓപ്പറേഷൻ നടത്താമെന്ന് ബംഗ്ലാദേശ് മ്യാൻമറിന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഇത് മ്യാൻമർ സ്വീകരിച്ചിട്ടില്ല. പത്തുലക്ഷത്തോളം വരുന്ന റോഹിംഗ്യൻ ന്യൂനപക്ഷത്തിന് വേണ്ടിയാണ് തങ്ങൾ പോരാടുന്നത് എന്നായിരുന്നു റോഹിംഗ്യൻ തീവ്രവാദികളുടെ വാദം. 

റോഹിംഗ്യൻ മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്ന റാഖിനിലെ ഗ്രാമങ്ങളിൽ മ്യാൻമർ സൈന്യം വ്യാപകമായി തീയിട്ടു നശിപ്പിച്ചും സിവിലയൻമാരെ വെടിവച്ചും ആക്രമണം തുടരുന്നതായി മനുഷ്യാവകാശപ്രവർത്തകർ ആരോപിക്കുന്നു. നിരവധി പേർ ഇതിനകം കൊല്ലപ്പെട്ടു. ഇവിടെയുണ്ടായ വ്യാപക ആക്രമണങ്ങൾക്കും തീവെപ്പിനും റോഹിംഗ്യൻ വിമതരേയാണ് മ്യാൻമർ സർക്കാർ കുറ്റപ്പെടുത്തുന്നത്. പോലീസിനെതിരെ ഇവർ സംഘടിത ആക്രമണം നടത്തിയെന്നാണ് സർക്കാരിന്റെ വാദം. 

വെടിവയ്പ്പും തീവെപ്പും റോഹിംഗ്യൻ ഗ്രാമങ്ങളിൽ വ്യാപകമാണെന്ന് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണങ്ങളിൽ നിന്നും വിമർശകരുടെ ആരോപണങ്ങളിൽ നിന്നും വ്യക്തമാണ്. മ്യാൻമർ സർക്കാരിന്റെ നീക്കത്തെ ശക്തമായി എതിർക്കുന്നവർ സോഷ്യൽ മീഡിയയിൽ ഈ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ടു കൊണ്ടിരിക്കുകയാണ്. കെട്ടിടങ്ങളും വീടുകളും വ്യാപകമായി തീവച്ചു നശിപ്പിക്കുന്ന കാഴ്ച ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്. വടക്കൻ റാഖിനിൽ മൗങ്‌ഡോ പട്ടണത്തിലെ വീടുകൾ ഏതാണ്ട് പൂർണമായും തീവച്ചു നശിപ്പിച്ചു. തീവ്രവാദികളാണ് മൗങ്‌ഡോയിലെ വീടുകൾ ബോംബെറിഞ്ഞും തീവച്ചും നശിപ്പിച്ചതെന്ന് സർക്കാർ പുറത്തിറങ്ങിയ പത്രക്കുറിപ്പിൽ പറയുന്നു. 

ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ തുടർന്ന ആക്രമണങ്ങളിൽ മ്യാൻമർ സൈന്യവും അതിർത്തി രക്ഷാ പോലീസും ചേർന്ന് ആയിരത്തോളം വീടുകളാണ് തീയിട്ടു നശിപ്പിച്ചിതതെന്ന് റോഹിംഗ്യൻ വംശജരുടെ അവകാശ സംരക്ഷണത്തിനായി നിലകൊള്ളുന്ന ഓൺലൈൻ വാർത്ത സൈറ്റായ അറകൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മാധ്യമപ്രവർത്തകർക്ക് മേഖലയിൽ കടുത്ത നിയന്ത്രണളേർപ്പെടുത്തിയതിനാൽ ഇവിടങ്ങളിൽ യഥാർത്ഥത്തിൽ എന്താണു നടക്കുന്നതെന്ന് പൂർണമായും വ്യക്തമല്ല. 

വടക്കൻ റാഖിനിലെ പത്ത് പ്രദേശങ്ങൾ വ്യാപകമായി തീയിട്ടതായി സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണെന്ന് ന്യൂയോർക്ക് ആസ്ഥാനമായ മനുഷ്യാവകാശ സംഘടന ഹ്യുമൻ റൈറ്റ്‌സ് വാച്ച് പറയുന്നു. തീപിടിത്തത്തിന്റെ കാരണങ്ങൾ വ്യക്തമല്ലെങ്കിലും മാധ്യമ റിപ്പോർട്ടുകൾ, സാക്ഷികളുടെ മൊഴികൾ, ഇവിടെ നടന്ന സംഭവങ്ങൾ എന്നിവ വിശകലനം ചെയ്തപ്പോൾ ഈ തീവയ്പ്പുകൾ മനപ്പൂർവ്വം ചെയ്തതാണെന്ന് വ്യക്തമായതായും സംഘടന പറയുന്നു. ഈ പ്രദേശങ്ങളിലേക്ക് സ്വതന്ത്ര നിരീക്ഷകരെ സന്ദർശനത്തിന് അനുവദിക്കണമെന്നും ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ്മ്യാൻമർ സർക്കാരിനോട് ആവശ്യപ്പെട്ടു.

അതേസമയം, വ്യാഴാഴ്ച രാത്രി 25 ഇടങ്ങളിലായി നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം റോഹിംഗ്യൻ വിമത സംഘടനയായ അറക്കാൻ റോഹിങ്യ സാൽവേഷൻ ആർമി ഏറ്റെടുത്തിട്ടുണ്ട്. സർക്കാരിന്റേയും സൈന്യത്തിന്റേയും അടിച്ചമർത്തലുകളിൽ നിന്ന് റോഹിംഗ്യൻ വംശജരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണീ ആക്രമണങ്ങളെന്നും അവർ വ്യക്താക്കി.

11 ലക്ഷത്തോളം റോഹിംഗ്യൻ വംശജരാണ് മ്യാൻമറിൽ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്ക് ദീർഘകാലമായി ഇരയായിക്കൊണ്ടിരിക്കുന്നത്. ഇവർക്കെതിരെ നടന്ന ഏറ്റവും രൂക്ഷമായ ആ്ക്രമണം 2012 ലായിരുന്നു. അന്ന് ഒന്നര ലക്ഷത്തോളം റോഹിംഗ്യൻ വംശജർ രാജ്യം വിടുകയും നൂറുക്കണക്കിന് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. റോഹിംഗ്യൻവംശജരെ തദ്ദേശീയരായ ന്യൂനപക്ഷ സമുദായമായി സർക്കാർ കണക്കാക്കുകയോ അവക്ക് പൗരത്വം നൽകുകയോ ചെയ്യുന്നില്ല.

Latest News