ന്യൂദല്‍ഹി- ഉത്തര്‍പ്രദേശില്‍ തൊഴിലാളികളുടെ ദേഹത്ത് അണുനാശിനി തളിച്ച സംഭവത്തില്‍ ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി പ്രസിഡന്റുമായ അഖിലേഷ് യാദവ്. കോറോണ വ്യാപനത്തിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്‌ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് തിരിച്ചെത്തിയ തൊഴിലാളികളുടെ ദേഹത്താണ് അധികൃതര്‍ രാസവസ്തുക്കള്‍ തളിച്ചത്. സംഭവത്തെ തുടര്‍ന്ന് കണ്ണുകള്‍ക്ക് പൊള്ളലേറ്റതായി സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പരാതിപ്പെട്ടിരുന്നു.
"കുടിയേറ്റക്കാരെ ശുചീകരിക്കാനെന്ന പേരില്‍ രാസവസ്തുക്കൾ തളിക്കുന്നത് ചില ചോദ്യങ്ങൾ ഉയര്‍ത്തുന്നു. ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടന എന്തെങ്കിലും നിർദ്ദേശം നൽകിയിട്ടുണ്ടോ? രാസവസ്തുക്കൾ മൂലമുണ്ടാകുന്ന പൊള്ളലിനെ എങ്ങനെ കൈകാര്യം ചെയ്യും? നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റാന്‍ ആളുകള്‍ക്ക് എന്ത് ക്രമീകരണമാണ് ഏര്‍പ്പെടുത്തിയത്? സ്‌പ്രേ ചെയ്യുന്നതിലൂടെ നനയുന്ന (കൈവശമുള്ള ധാന്യങ്ങള്‍ക്കും)ഭക്ഷണത്തിന് ബദലായി എന്ത് നല്‍കും?" - അഖിലേഷ് യാദവ് ട്വീറ്ററില്‍ ചോദിക്കുന്നു.
ഉത്തര്‍ പ്രദേശിലെ ബെറേലി ജില്ലയിയില്‍ ഇന്നലെ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകായി പ്രചരിച്ചിരുന്നു. വിമര്‍ശനങ്ങളെ തുടര്‍ന്ന് കലക്ടര്‍ പിന്നീട് സംഭവത്തില്‍ പിഴവ് പറ്റിയതായി സമ്മതിച്ചു. തദ്ദേശ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് പറ്റിയ വീഴ്ചയാണെന്നായിരുന്ന് കലക്ടറുടെ പ്രതികരണം.