ബ്രസ്സല്‍സ്- കോറോണ വൈറസ് ബാധയേറ്റ് യൂറോപ്പില്‍ മരണം കാല്‍ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിന് അടുത്താണ്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള കണക്കുകള്‍ ക്രോഡീകരിച്ച് എഎഫ്‌പി വാർത്താ ഏജൻസിയുടെ റിപ്പോര്‍ട്ട് പ്രകാരം തിങ്കളാഴ്ച യൂറോപ്പിലെ മൊത്തം മരണങ്ങളുടെ എണ്ണം 25,037 ആയി ഉയർന്നുവെന്നും സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 399,381 ആണെന്നും വ്യക്തമാക്കുന്നു. പല അംഗരാജ്യങ്ങളും വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ പാടുപെടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളാണ് ഇറ്റലിയും സ്‌പെയിനും. യൂറോപ്പിലെ മരണത്തിന്റെ മുക്കാൽ ഭാഗവും ഈ രണ്ട് രാജ്യങ്ങളിലാണ് . ഇറ്റലിയിൽ മൊത്തം 10,779 പേർ ഈ വൈറസ് ബാധിച്ചു മരിച്ചു. സ്പെയിനിൽ 7,340 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 മൂലം ജീവഹാനി സംഭവിച്ചത്.
തിങ്കളാഴ്ച ലോകമെമ്പാടുമുള്ള മൊത്തം കേസുകളുടെ എണ്ണം ഏഴ് ലക്ഷം കടന്നതായി എഎഫ്‌പിയും, ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയും പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഒന്നരലക്ഷത്തിലധികം ആളുകൾ ഇതുവരെ രോഗവിമുക്തി നേടിയിട്ടുണ്ട്.
കഴിഞ്ഞ വർഷം അവസാനത്തോടെ ചൈനയിൽ പ്രത്യക്ഷപ്പെട്ട വൈറസ് ഇതുവരെ ലോകത്ത് ആകമാനം 34,000 ത്തോളം മരണങ്ങൾക്ക് കാരണമായി. പകര്‍ച്ചവ്യാധിയുടെ ആദ്യഘട്ടത്തിൽ മൂവായിരത്തോളം മരണങ്ങൾ സ്ഥിരീകരിച്ച ചൈന കടുത്ത പോരാട്ടങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ പതിയെ സാധാരണ നില കൈവരിച്ചുവരുന്നു. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ ഏതാണ്ട് എല്ലാ ലോകരാജ്യങ്ങളും ഇപ്പോള്‍ ഈ മഹാമാരിയെ തുരത്താന്‍ രാജ്യം പൂര്‍ണമായി അടച്ചിട്ടുള്ള പോരാട്ടത്തിലാണ്.