മെല്‍ബണ്‍: കോവിഡ് 19നെ പ്രതിരോധിക്കാന്‍ ക്ഷയരോഗത്തിനെതിരായ വാക്‌സിന്‍ പരീക്ഷിച്ച് ഓസ്‌ട്രേലിയ. രോഗബാധിതരെ ചികിത്സിക്കുന്നവര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് പ്രതിരോധ മാര്‍ഗ്ഗമെന്ന നിലയില്‍ ഒരു നൂറ്റാണ്ട് മുമ്പുള്ള വാക്സിന്‍ നല്‍കുന്നത്. ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന ബാസില്ലസ് കാൽമെറ്റ്-ഗുറിൻ എന്ന ബിസിജി വാക്സിന്‍ ഏകദേശം 100 വർഷമായി ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
ക്ഷയത്തിനൊപ്പം മൂത്രാശയ കാന്‍സറിന്റെ ആദ്യ ഘട്ട ചികിത്സയ്ക്കും ബിസിജി വാക്‌സിന്‍ ഉപയോഗിക്കാറുണ്ട്. ഈ വാക്‌സിന്‍ ക്ഷയരോഗത്തിനെതിരെ മാത്രമല്ല രോഗങ്ങള്‍ക്ക് കാരണമാകാവുന്ന അണുബാധകളെയും തടയുമെന്ന് നേരത്തേ ആഫ്രിക്കയില്‍ നടന്ന പഠനത്തില്‍ കണ്ടെത്തിയിരുന്നു.പരീക്ഷിച്ച് വിജയിക്കാത്ത പുതിയ വാക്‌സിന്‍ നല്‍കുന്നതിനേക്കാള്‍ ബിസിജി വാക്‌സിന്‍ നല്‍കുന്നതാണ് നല്ലതെന്നാണ് ഇവര്‍ പറയുന്നത്.
"ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും, അതുവഴി വിവിധ തരം അണുബാധകൾ, വ്യത്യസ്ത വൈറസുകൾ, ബാക്ടീരിയകൾ എന്നിവയെ പൊതുവായ രീതിയിൽ നന്നായി പ്രതിരോധിക്കാൻ കഴിയും" മെൽബണിലെ റോയൽ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ പകർച്ചവ്യാധി വിഭാഗം മേധാവിയും പീഡിയാട്രിക് പകർച്ചവ്യാധികളുടെ പ്രൊഫസർ കൂടിയായ കർട്ടിസ് പറയുന്നു.
ഡോക്ടര്‍മാരും ആശുപത്രി ജോലിക്കാരും ഉള്‍പ്പെടെ 4,000 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടം വാക്സിന്‍ നല്‍കുന്നത്. ഈ വാക്‌സിന്‍ എടുക്കുന്ന ആളുടെ തൊലിപ്പുറത്ത് പാടും ചിലര്‍ക്ക് ചില അസ്വസ്ഥതകളും ഉണ്ടാകും എന്നുതൊഴിച്ചാല്‍ ശരീരത്തിന്റെ അണുപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ഫലം നല്‍കുന്നു എന്നതുകൊണ്ടും നൂറ് വര്‍ഷത്തോളം പ്രചാരമുള്ള ഒരു വാക്സിന്റെ പരമാവധി അനന്തരഫലങ്ങളെ കുറിച്ച് നിലവില്‍ വൈദ്യശാസ്ത്രലോകത്തിന് ബോധ്യമുണ്ട് എന്നതിനാലും മികച്ച തീരുമാനമാണ് ഓസ്ടേലിയ കൈക്കൊണ്ടിരിക്കുന്നത് എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.