ന്യൂദല്‍ഹി- കൊറോണ ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടിലിരിക്കുന്നവര്‍ക്ക് നൊസ്റ്റാള്‍ജിയ പകരാന്‍ ദൂരദര്‍ശനില്‍ രാമായണ സീരിയല്‍ വീണ്ടും പ്രക്ഷേപണം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ആളുകള്‍ പഴയകാല ഫാന്റസി സീരിയല്‍ ശക്തിമാന്‍ പുന:സംപ്രേക്ഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ആവശ്യത്തിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ് ശക്തിമാന്റെ നടനും നിര്‍മാതാവുമായ മുകേഷ് ഖന്ന. ദൂരദര്‍ശനിലൂടെ ലോക്ക്ഡൗണ്‍ സമയത്ത് തന്നെ പുന:സംപ്രേക്ഷണം ഉണ്ടാകുമെന്നാണ് താരം വ്യക്തമാക്കിയത്.
ശക്തിമാന്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ഇക്കാര്യം ട്വിറ്ററിലൂടെയാണ് അദ്ദേഹം പുറത്തുവിട്ടത്. ഇതിഹാസങ്ങളായ രാമായണ,മഹാഭാരത് എന്നി സീരിയലുകള്‍ 135 കോടി ജനങ്ങള്‍ക്ക് വലിയ സന്തോഷമാണ് പകരുന്നത്. ഈ സന്തോഷത്തിനൊപ്പം തന്നെ മറ്റൊരു കാര്യം അറിയിക്കാന്‍ ആഗ്രഹിക്കുന്നു. 'ശക്തിമാന്‍' വളരെ പെട്ടെന്ന് തിരിച്ചുവരാന്‍ പോകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം എന്നാണ് ശക്തിമാന്‍ പുന:സംപ്രേക്ഷണം ചെയ്യുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. 1997 മുതല്‍ 2005 വരെ ഡിഡി വണ്‍ ചാനലിലാണ് ശക്തിമാന്‍ സംപ്രേക്ഷണം ചെയ്തത്. ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ഈ സീരിയല്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് സംപ്രേക്ഷണം ചെയ്തിരുന്നു.2011ല്‍ ശക്തിമാന്റെ ആനിമേറ്റഡ് സീരിസും പുറത്തിറക്കിയിരുന്നു. 2013ല്‍ 'ഹമാരാ ഹീറോ ശക്തിമാന്‍' എന്ന പേരില്‍ സിനിമയും ചെയ്തിരുന്നു മുകേഷ് ഖന്ന.