മലപ്പുറം- കോവിഡ് വൈറസിനെതിരായ സർക്കാറിന്റെ പ്രവർത്തനത്തിലെ പരാജയം മറച്ചുവെക്കാൻ വേണ്ടി പൊതുപ്രവർത്തകനെ സി.പി.എമ്മും സർക്കാറും വേട്ടയാടുകയാണെന്ന് യൂത്ത് കോൺഗ്രസ്. നിലമ്പൂരിൽ നിന്നും ഡൽഹിയിലേക്ക് ട്രെയിൻ ഉണ്ടെന്ന തരത്തിൽ വാട്‌സപ്പ് വഴി വ്യാജവാർത്ത പരത്തിയ കേസിൽ യൂത്ത്‌കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്ത കേസിലാണ് പ്രതികരണം. അത്തരത്തിൽ ഒരു കിംവദന്തി പരന്നപ്പോൾ അത് തന്റെ നാട്ടിലെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റെന്നും അതിന്റെ നിജസ്ഥിതി അന്വേഷിക്കാൻ അദ്ദേഹം പറഞ്ഞിരുന്നുവെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി വ്യക്തമാക്കി.
ഒരു ജാഗ്രതക്കുറവ് ഉണ്ടായിരുന്നിരിക്കാം. അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ എനിക്കടക്കം ആർക്കും സംഭവിക്കാവുന്ന ഒരു കൈയബദ്ധം എന്നതൊഴിച്ചാൽ അദ്ദേഹം ഇന്ന് കേരളത്തെ തന്നെ വിറപ്പിച്ച വലിയ കുറ്റവാളിയൊന്നുമല്ല. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിൽ തന്റെ പഞ്ചായത്തിലെ നിരവധി അതിഥി തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കുന്ന പ്രവർത്തിയിൽ സജീവമായി ഏർപ്പെട്ടവനുമാണ്. അത്തരത്തിലുള്ള വാർത്തയും സൃഷ്ടിച്ച് പ്രചാരവേലകളുമായിറങ്ങി ഗവൺമെൻറിൻറെ പിടിപ്പുകേടിനെ വെളുപ്പിക്കാനും പ്രതിപക്ഷത്തെ കരിവാരിത്തേക്കാനുമുള്ള വേല കയ്യില് വെച്ചാൽമതി.
അതെ, അദ്ദേഹം സജീവ കോൺഗ്രസ്സുകാരനും നാട്ടിലെ സിപിഎമ്മുകാരുടെ കണ്ണിലെ കരടുമാണ്. അതു തന്നെയാണ് അദ്ദേഹത്തെ വേട്ടായാടാനുള്ള കാരണവും..
നിങ്ങളുടെ പിആർ വർക്കും തള്ളലുമൊക്കെ മുറക്ക് നടക്കട്ടെ. പക്ഷെ, സർക്കാരിൻറെ മുഖം വെളുപ്പിക്കാൻ ഒരു പാവം ചെറുപ്പക്കാരനെ നിങ്ങൾ കരുവാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് സമ്മതിച്ച് തരാൻ നിർവ്വാഹമില്ലെന്നും റിയാസ് മുക്കോളി വ്യക്തമാക്കി.