Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സന്തുലിത നിതാഖാത്ത്  നീട്ടിവെച്ചു

റിയാദ് - സ്വകാര്യ മേഖലയിൽ സൗദികൾക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് പ്രഖ്യാപിച്ച സന്തുലിത നിതാഖാത്ത് നടപ്പാക്കുന്നത് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നീട്ടിവെച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരുടെ വേതന നിലവാരം, ഉയർന്ന വേതനം പറ്റുന്നവരിൽ സൗദി ജീവനക്കാരുടെ അനുപാതം, വനിതാവൽക്കരണ അനുപാതം, സൗദികളുടെ തൊഴിൽ സ്ഥിരത, സൗദിവൽക്കരണ അനുപാതം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ നിതാഖാത്തിൽ സ്വകാര്യ സ്ഥാപനങ്ങളുടെ വിഭാഗം നിർണയിക്കുന്ന പദ്ധതിയായ സന്തുലിത നിതാഖാത്ത് നടപ്പാക്കുമെന്ന് കഴിഞ്ഞ വർഷം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിരുന്നു. 
സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമായി വർധിച്ചിട്ടുണ്ട്. വനിതകൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് 33 ശതമാനമാണ്. രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണെങ്കിലും പ്രതിവർഷം ഇരുപതു ലക്ഷത്തോളം തൊഴിലാളികളെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട്. സൗദികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിതാഖാത്ത് പരിഷ്‌കരിച്ചിട്ടുണ്ട്. അടുത്ത മാസം മുതൽ ഇത് നിലവിൽവരും. 

അഞ്ചു മുതൽ ഒമ്പതു വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങൾക്ക് അടുത്ത മാസം മുതൽ നിതാഖാത്ത് നിർബന്ധമാക്കും. നിലവിൽ ഒമ്പതും അതിൽ കുറവും ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് നിതാഖാത്ത് ബാധകമല്ല. കൂടുതൽ സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അഞ്ചു മുതൽ ഒമ്പതു വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് കൂടി നിതാഖാത്ത് നിർബന്ധമാക്കുന്നത്. നിതാഖാത്ത് ബാധകമല്ലാത്ത ചെറുകിട സ്ഥാപനങ്ങളെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം രണ്ടു വിഭാഗമായി തരംതിരിച്ചിട്ടുണ്ട്. അഞ്ചു മുതൽ ഒമ്പതു വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളും ഒന്നു മുതൽ നാലു വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളുമായാണ് ചെറുകിട സ്ഥാപനങ്ങളെ തരംതിരിച്ചിരിക്കുന്നത്. അടുത്ത മാസം മുതൽ അഞ്ചു മുതൽ ഒമ്പതു വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് നിതാഖാത്ത് ബാധകമാക്കുമെങ്കിലും ഒന്നു മുതൽ നാലു വരെ ജീവനക്കാരുള്ള തീർത്തും ചെറിയ സ്ഥാപനങ്ങളെ തുടർന്നും നിതാഖാത്തിൽ നിന്ന് ഒഴിവാക്കും. 

പെരുന്നാൾ അവധികൾ, വാരാന്ത്യ അവധികൾ പോലുള്ള ഔദ്യോഗിക അവധി ദിവസങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് തൊഴിൽ വിസ അനുവദിക്കുന്നത് നിർത്തിവെക്കില്ല. വ്യവസ്ഥകൾ പൂർണമായ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഓൺലൈൻ സേവനം വഴി ഔദ്യോഗിക അവധി ദിവസങ്ങളിലും തൊഴിൽ വിസകൾ ലഭിക്കും. വ്യക്തികളുടെ സ്‌പോൺസർഷിപ്പിലുള്ള തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് സ്വകാര്യ സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റിനൽകുന്ന സേവനം ഇപ്പോൾ ലഭ്യമല്ല. ഒരു വിസാ നമ്പറിൽ ഒന്നിലധികം തവണ റിക്രൂട്ട്‌മെന്റ് സാധിക്കില്ല. ഫൈനൽ എക്‌സിറ്റിൽ രാജ്യം വിടുന്ന തൊഴിലാളികൾക്ക് പുതിയ വിസയിൽ വീണ്ടും രാജ്യത്തേക്ക് പ്രവേശനം നൽകുന്നത് ജവാസാത്ത് ഡയറക്ടറേറ്റിന്റെ അധികാരമാണ്. വിദേശ തൊഴിലാളികൾക്ക് ഫാമിലി വിസ അനുവദിക്കുന്നത് ആഭ്യന്തര മന്ത്രാലയമാണ്.
സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾക്ക് പദ്ധതി വഴി വായ്പകൾ അനുവദിക്കുന്നില്ല. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെന്നോണം ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്താൽ സാമൂഹിക സുരക്ഷാ പദ്ധതിയിൽ നിന്ന് ഗുണഭോക്താക്കളെ ഓട്ടോമാറ്റിക്കായി നീക്കം ചെയ്യും. ഡോക്ടർമാരുടെ പ്രൊഫഷൻ മാറ്റം ലേബർ ഓഫീസുകൾ വഴിയാണ് പൂർത്തിയാക്കേണ്ടത്. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് സമർപ്പിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾക്ക് ആറു മാസത്തിലധികം പഴക്കമുണ്ടാകാൻ പാടില്ല. രക്തസമ്മർദവും പ്രമേഹവും സാമൂഹിക സുരക്ഷാ പദ്ധതി സഹായ വിതരണത്തിന് പരിഗണിക്കുന്ന രോഗങ്ങളല്ലെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.
 

Latest News