Sorry, you need to enable JavaScript to visit this website.

മൂന്നാക്കൽ പള്ളിയിലെ അരി ഇത്തവണ  ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് 

കൊണ്ടോട്ടി- ചരിത്ര പ്രസിദ്ധമായ മൂന്നാക്കൽ പള്ളിയിൽ അരി ഇത്തവണ തദ്ദേശ സ്ഥാപനങ്ങളിലെ കമ്യൂണിറ്റി കിച്ചണിൽ വേവും. പള്ളിയിൽ നേർച്ചയായി ലഭിക്കുന്ന അരിയാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നൽകുന്നത്. ലോക്ഡൗൺ മൂലം ഭക്ഷണത്തിന് ബുദ്ധിമുട്ടന്നവർക്കാണ് തദ്ദേശ സ്ഥാപനങ്ങളിലൊരുക്കുന്ന കമ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം നൽകുന്നത്.
പള്ളിയിൽ നേർച്ചയായി മാസത്തിൽ 4000 ലേറെ ചാക്ക് അരി ലഭിക്കാറുണ്ട്. ഇവ രണ്ടാഴ്ചയിലൊരിക്കൽ സമീപത്തെ 300 മഹല്ലുകളിൽ പെട്ട 17,000 കാർഡ് ഉടമകൾക്ക് സൗജന്യമായി വിതരണം ചെയ്യാറാണ് പതിവ്. എന്നാൽ ഇത്തവണ ലോക്ഡൗൺ മൂലം വിതരണം നടത്താനായില്ല. ഇതോടെയാണ് അരി ലോക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്നവർക്ക് നൽകാൻ തീരുമാനിച്ചത്. ഇന്നലെ നഗരസഭകളും, ഗ്രാമപഞ്ചായത്തുകളും പള്ളിയിൽനിന്ന് അരി വാങ്ങി തുടങ്ങി. നഗരസഭകൾക്ക് 15 ചാക്കും, ഗ്രാമപഞ്ചായത്തുകൾക്ക് 10 ചാക്കും അരിയാണ് ശരാശരി നൽകുന്നത്. ഇന്നലെ മാത്രം 1500 ചാക്ക് അരി തദ്ദേശ സ്ഥാപനങ്ങൾ കൊണ്ടുപോയതായി പള്ളി മുതവല്ലി മൊയ്തീൻ കുട്ടി പറഞ്ഞു. അരി ആവശ്യമുള്ള തദ്ദേശ സ്ഥപനങ്ങൾ പള്ളിയുടെ മുതവല്ലിയെ ഫോണിൽ വിളിച്ച് വാഹനവുമായി എത്തി കൊണ്ടുപോകണമെന്ന ജില്ലാ കലക്ടറുടെ നിർദേശം തദ്ദേശ സ്ഥാപനങ്ങളിലെത്തിയിട്ടുണ്ട്.

Latest News