തിരുവനന്തപുരം- ലോക്ഔട്ടിന്റെ മറവിൽ വൻ തോതിൽ അവശ്യ സാധനങ്ങളുടെ വില വർധിപ്പിക്കാൻ നീക്കം. കേരളത്തിലെ പ്രധാന മാർക്കറ്റുകളിലെല്ലാം സാധനങ്ങളുടെ വില കാര്യമായി തന്നെ വർധിപ്പിച്ചിട്ടുണ്ട്. വില വർധനവ് ശ്രദ്ധയിൽപ്പെട്ടതോടെ സർക്കാരും കർശന നടപടികൾ സ്വീകരിച്ച് തുടങ്ങി. പച്ചക്കറിയും പലചരക്കുമടക്കം അവശ്യസാധനങ്ങളുടെ വില നിലവാരം പിടിച്ചു നിർത്താനാണ് ശ്രമം തുടങ്ങിയിരിക്കുന്നത്. പൂഴ്ത്തിവെയ്പ് തടയുന്നതിന് ഭക്ഷ്യ വകുപ്പും കൃഷി വകുപ്പും സംയുക്ത നീക്കത്തിന് തുടക്കമിട്ടു. പൂഴ്ത്തിവയ്പ്പ് നടക്കുന്നതായി സൂചന കിട്ടിയാൽ മൊത്ത ഗോഡൗണുകളിൽ റെയ്ഡ് നടത്താൻ തീരുമാനമായിട്ടുണ്ട്.
ജനതാ കർഫ്യൂവും ലോക്ഡൗണും കാരണം നിലച്ച ചരക്കു നീക്കം പുനരാരംഭിച്ചു. ആവശ്യത്തിന് സാധനങ്ങൾ വിപണിയിൽ എത്തിയിട്ടുണ്ട്. പച്ചക്കറികളും എത്തി. എന്നിട്ടും പച്ചക്കറികൾക്ക് വില കൂടിയതോടെയാണ് പ്രശ്‌നത്തിൽ സർക്കാർ ഇടപെട്ടത്. പൂഴ്ത്തിവയ്പ്പ് ശ്രദ്ധയിൽപ്പെട്ടാൽ റെയ്ഡ് നടത്തി കടുത്ത നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
തലസ്ഥാനത്ത് സവാള, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വില പെട്ടെന്നാണ് കൂടിയത്. കിലോക്ക് പത്തു രൂപയുണ്ടായിരുന്ന സവാള മൊത്ത വിപണിയിൽ ഇന്നലെ 30 രൂപയ്ക്കാണു വിൽപന നടന്നത്. ചില്ലറ വിപണിയിൽ 40 രൂപയും. ചെറിയ ഉള്ളി 60 രൂപയിൽനിന്ന് 75/80 രൂപയിലെത്തി. ബീൻസ്, മുളക്, തക്കാളി, പാവയ്ക്ക എന്നിവയ്ക്കും വില കൂടി. മൊത്ത വിപണിയിൽ ബീൻസിന് 40 രൂപയും മുളകിന് 35 രൂപയും തക്കാളി ഒരു പെട്ടി 500 ൽ നിന്നു 850 രൂപയിലുമെത്തി. കിലോ 28 രൂപയായിരുന്ന പച്ചമുളക് 45 രൂപയായി. കാരറ്റിനും ബീൻസിനും പത്തു രൂപ കൂടി. കച്ചവടക്കാർ തരുന്ന കിറ്റിന് പോലും തീ വിലയായി. തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി എത്തുന്നില്ലെന്നും ഇങ്ങനെ പോയാൽ വില ഇനിയും കൂടുമെന്നുമാണ് കച്ചവടക്കാർ പറയുന്നത്. പക്ഷെ സർക്കാർ ഇത് നിഷേധിക്കുന്നു. വില കൂടിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് കൃഷി വകുപ്പ് പറയുന്നത്. ന്യായവിലയിൽ ഹോർട്ടികോർപ് സ്റ്റാളുകളിൽ പച്ചക്കറികൾ ആവശ്യത്തിനുണ്ടെന്നാണ് സർക്കാർ വാദം. വില നിയന്ത്രണത്തിന് സിവിൽ സപ്ലൈസ് വകുപ്പും, കൃഷി വകുപ്പും, റവന്യൂ വകുപ്പും യോജിച്ചുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്.