Sorry, you need to enable JavaScript to visit this website.

പി. ജയരാജന്റെ പ്രസ്താവന വാസ്തവ വിരുദ്ധമെന്ന്  ജമാഅത്തെ ഇസ്‌ലാമി 

കണ്ണൂർ - അതിഥി തൊഴിലാളികളെ തെരുവിലിറക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ ജമാഅത്തെ ഇസ്‌ലാമി ഭക്ഷണ വിതരണം നടത്തിയെന്ന സി.പി.എം നേതാവ് പി. ജയരാജന്റെ ഫേസ്ബുക്ക് പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് പി.കെ. മുഹമ്മദ് സാജിദ് നദ്‌വി.
ജയരാജൻ പറയുന്ന സ്ഥലങ്ങളിൽ ജമാഅത്തെ ഇസ്‌ലാമി ഭക്ഷണ വിതരണം നടത്തിയിട്ടില്ല. ജമാഅത്ത് സ്വന്തമായി സാമൂഹിക അടുക്കള സ്ഥാപിച്ചിട്ടുമില്ല. സർക്കാറിന്റെ ദുരിതാശ്വാസ സൗകര്യങ്ങൾ അർഹതപ്പെട്ടവർക്ക് ലഭ്യമാക്കാൻ ശ്രമിക്കുന്നതിനാണ് ജമാഅത്ത് മുൻഗണന നൽകുന്നത്. എന്നാൽ സർക്കാറിന്റെ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് വന്നാൽ ആളുകൾ സമീപിക്കുന്നതനുസരിച്ച് സഹായം ചെയ്യാൻ ജീവകാരുണ്യ പ്രസ്ഥാനമെന്ന നിലയിൽ ജമാഅത്തിനും ബാധ്യതയുണ്ട്. ഇത്തരം ഇടപെടലുകൾ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ അവരുടെ ഹെൽപ്‌ലൈൻ വഴിയും സോളിഡാരിറ്റി ഉൾപ്പെടെയുള്ള വിവിധ യുവജന സംഘടനകളും, പ്രാദേശികമായ ചാരിറ്റബിൾ സ്ഥാപനങ്ങളും അവരുടേതായ രീതിയിൽ നിർവഹിക്കുന്നുണ്ട്.

അവരൊന്നും തന്നെ ജയരാജൻ പറയുന്നത് പോലെ തൊഴിലാളികളെ സംഘടിതമായി പുറത്തിറക്കുന്ന രീതിയിൽ സ്വന്തം അടുക്കള സ്ഥാപിച്ചിട്ടില്ല എന്നാണറിവ്. അസംഘടിത മേഖലയിൽ ഒറ്റപ്പെട്ട തൊഴിലാളികൾക്ക് സർക്കാറിന്റെ സാമൂഹിക അടുക്കളയുടെ സഹായം ലഭ്യമായിട്ടില്ലത്തിടത്ത് ഒറ്റപ്പെട്ട നിലയിലാണ് സഹായം നൽകിയത് എന്നാണ് മനസ്സിലായത്. ഇത്തരം ജീവൽ പ്രശ്‌നത്തെയാണ് ജയരാജൻ രാഷ്ട്രീയമായി വളച്ചൊടിച്ചിരിക്കുന്നത്. സി.പി.എം മേൽനോട്ടത്തിലും താൽപര്യത്തിലും മാത്രമേ ഇത്തരം സേവനങ്ങൾ പാടുള്ളൂ എന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടില്ലെന്നിരിക്കെ പി.ജയരാജൻ അനാവശ്യമായ പ്രസ്താവന നടത്തി ആശയക്കുഴപ്പമുണ്ടാക്കുന്നത് മുഖ്യമന്ത്രിയുടെ നടപടികളെ പോലും രാഷ്ട്രീയമായി ചെറുതാക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് മുഹമ്മദ് സാജിദ് നദ്‌വി പറഞ്ഞു.


ദുരിതബാധിതർക്ക് സർക്കാർ നൽകുന്ന സൗകര്യം മെച്ചപ്പെട്ടതാണെങ്കിൽ അത് തന്നെയാണ് അവർ സ്വീകരിക്കേണ്ടത്. എന്നാൽ കൂടുതൽ  ആവശ്യങ്ങൾ ഉയർന്ന് വന്നാൽ അത് പരിഹരിച്ചു കൊടുക്കാൻ ജീവകാരുണ്യ മുഖമുള്ള ഏത് സംഘടനക്കും അവസരം നൽകുകയാണ് വേണ്ടതെന്നും ജമാഅത്ത് ജില്ലാ പ്രസിഡന്റ് പറഞ്ഞു.


 

Latest News