ചെന്നൈ- അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗങ്ങള്‍ ഉടന്‍ ചേരാന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും ഇവരെ പിന്തുണയ്ക്കുന്ന എംഎല്‍എമാരും തീരുമാനിച്ചു. ശശികലയേയും ബന്ധുക്കളേയും പാര്‍ട്ടിയുടെ ഉന്നത പദവികളില്‍ നിന്ന് നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് സുപ്രധാന യോഗങ്ങള്‍. ഇടഞ്ഞു നിന്ന ഇരുപക്ഷങ്ങളും ഒന്നായ ശേഷം കൂട്ടായെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു ശശികലയെ പുറത്താക്കല്‍.
'പാര്‍ട്ടി ഭാരവാഹികളും അണികളും ജനറല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗങ്ങള്‍ ചേരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ യോഗങ്ങള്‍ ഉടന്‍ ചേരാന്‍ തീരുമാനിച്ചു' എന്നുള്ള പ്രമേയം പാര്‍ട്ടി നേതൃനിരയില്‍ രണ്ടാമനും നിയമന്ത്രിയുമായ സി വി ഷണ്‍മുഖം വായിച്ചു കേള്‍പ്പിച്ചു. ശശികലയുടെ ബന്ധുവായ ടിടികെ ദിനകരനു പാര്‍ട്ടിയില്‍ ഒരു അധികാരവുമില്ലെന്നും അദ്ദേഹം നടത്തിയ നിയമനങ്ങളും പുറത്താക്കലുകളും അസാധുവാണെന്നും മറ്റൊരു പ്രമേയത്തില്‍ പാര്‍ട്ടി വ്യക്തമാക്കി. 'പുരട്ചി തലൈവ് അമ്മ പാര്‍ട്ടി പദവികള്‍ നിയോഗിച്ച നേതാക്കളും തെരഞ്ഞെടുപ്പിലൂടെ പദവി ലഭിച്ചവരും അതേ പദവികളില്‍ തന്നെ തുടരും' എന്നും പ്രമേയം വ്യക്തമാക്കുന്നു.
പാര്‍ട്ടി നേതൃത്വം സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്റെയും സുപ്രീം കോടതിയുടേയും പരിഗണനയിലുള്ള തര്‍ക്കവിഷയം ചൂണ്ടിക്കാട്ടി ഇപിഎസ്-ഒപിഎസ് പക്ഷങ്ങള്‍ ദിനകരനെ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിനെതിരെ രംഗത്തു വന്നിരുന്നു. ശശികലയുടെ നിയമനം തന്നെ കമ്മീഷന്‍ അംഗീകരിച്ചിട്ടില്ലെന്നിരിക്കെ അവര്‍ നടത്തിയ നിയമനങ്ങളും പാര്‍ട്ടി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രമേയത്തില്‍ പറയുന്നു. ശശികല കുടുംബത്തിന്റെ നിയന്ത്രണത്തിലായ പാര്‍ട്ടി ചാനല്‍ ജയ ടിവിയെ തിരിച്ചു പിടിക്കാന്‍ നിയമനടപടികളിലേക്കു നീങ്ങാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.