മുംബൈ- നാഗ്പൂരില്‍ നിന്നും മുംബൈയിലേക്ക് വരികയായിരുന്ന തുരന്തോ എക്‌സ്പ്രസ് മുംബൈയിലെ കല്യാണിനു സമീപം പാളം തെറ്റി. ഏഴു ബോഗികളാണ് അപകടത്തില്‍പ്പെട്ടത്. ആളപായമില്ല. പരിക്കേറ്റവരുടെ വിവരങ്ങളും ലഭ്യമായിട്ടില്ല. അസംഗഡ്, വസിന്ധ് സ്റ്റേഷനുകളില്‍ക്കിടയിലാണ് അപകടമുണ്ടായത്. ഒരു മാസത്തിനിടെ സംഭവിക്കുന്ന മൂന്നാമത്തെ ട്രെയിനപകടമാണിത്.
ഓഗസ്റ്റ് 23-ന് ഉത്തര്‍ പ്രദേശിലെ ഔറയയില്‍ കൈഫിയത്ത് എക്‌സ്പ്രസിന്റെ ഒമ്പത് ബോഗികള്‍ പാളം തെറ്റി 81 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഓഗസ്റ്റ് 19-നു മുസഫല്‍നഗറിലുണ്ടായ കലിംഗ ഉത്കല്‍ എക്‌സ്പ്രസ് ദുരന്തത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തുരന്തോ എക്‌സ്പ്രസ് ദുരന്തത്തെ തുടര്‍ന്ന് നാലു ട്രെയ്‌നുകള്‍ വഴിതിരിച്ചു വിട്ടു. മറ്റു നിരവധി സര്‍വീസുകളേയും ബാധിച്ചു. ചൊവ്വാഴ്ച രാവിലെ 6.35-നാണ് അപകടമുണ്ടായതെന്ന് റെയില്‍വെ അറിയിച്ചു.