റജൗരി- പശുവുമായി പോകുകയായിരുന്ന യുവാവിന്റെ പിറകെ നടന്നതിന് വൃദ്ധനെ ഗോ രക്ഷകര്‍ ആക്രമിച്ചു. സ്വന്തമായി പശു പേലുമില്ലാത്ത ലാല്‍ ഹുസൈന്‍ എന്ന 70-കാരനാണ് അപ്രതീക്ഷിതമായ ആക്രമണത്തിനിരയായത്. നാടോടി ഗുജ്ജാര്‍ വിഭാഗക്കാരനായ ഹുസൈന്‍ തന്റെ ആടുകളെ വിറ്റ പണം ബകോറിയിലുള്ള ബാങ്കില്‍ നിക്ഷേപിക്കാനായി പോകുകയായിരുന്നു. റജൗരിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഗുന്‍ധയിലെ വീട്ടില്‍ നിന്നും പുലര്‍ച്ചെ ഇറങ്ങിയതായിരുന്നു ഹുസൈന്‍. 20 കിലോമീറ്ററോളം നടന്നാണ് ഹുസൈന്‍ ബകോറിയിലെത്തിയത്.
നടക്കുന്നതിനിടെ ഒരു യുവാവ് പശുവുമായി മൂന്നില്‍ പോകുന്നത് കണ്ടു. അതിനൊപ്പമെത്താല്‍ വേഗത്തില്‍ നടക്കുന്നതിനിടെയാണ് കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന ആക്രമികള്‍ തന്റെ മേല്‍ ചാടിവീണതെന്ന് ഹുസൈന്‍ പറഞ്ഞു. പണമടങ്ങിയ ബാഗും മൊബൈല്‍ ഫോണും തട്ടിപ്പറിച്ചെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ഗോ രക്ഷകരാണെന്ന് അവരുടെ സംസാരത്തില്‍ നിന്നു മനസ്സിലായെന്നും താന്‍ പശുവുമായി പോകുന്ന യുവാവിനെ അനുഗമിക്കുകയാണെന്ന് അവര്‍ തെറ്റിദ്ധരിച്ചതായും അദ്ദേഹം പറഞ്ഞു.
അടിച്ചു അബോധാവസ്ഥയിലാക്കിയ ശേഷം അഴുക്കുചാലിലേക്ക് തള്ളി ആക്രമികള്‍ പോയി. അരമണിക്കൂറോളം അബോധാവസ്ഥയില്‍ കിടന്ന വൃദ്ധനെ അതുവഴി പോയവര്‍ കണ്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഹുസൈന്‍ ഇപ്പേള്‍ ജമ്മു ഗവ. മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.