കണ്ണൂര്‍- കോവിഡ് രോഗബാധ തടയുന്നതിനായി സര്‍ക്കാര്‍ നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ പുറത്തിറങ്ങി നടന്നവര്‍ക്ക് ജില്ലാ പോലീസ് മേധാവിയുടെ പരസ്യ ഏത്തമിടല്‍ ശിക്ഷ.
കണ്ണൂര്‍ നഗരത്തിന്റെ പരിസര പ്രദേശങ്ങളായ അലവില്‍, അഴീക്കോട്, വളപട്ടണം, പുതിയതെരു തുടങ്ങിയ പ്രദേശങ്ങളിലെ നൂറിലധികം പേരെയാണ് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര ശിക്ഷക്കു വിധേയമാക്കിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്ന് അനാവശ്യമായി ചുറ്റി നടന്നവരെ പോലീസ് അടിച്ചോടിക്കുകയാണ് ചെയ്തിരുന്നത്. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. ഇത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ആളുകളെ മര്‍ദ്ദിക്കരുതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതോടെ ഇന്നലെ ആളുകള്‍ വ്യാപകമായി പുറത്തിറങ്ങി.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഈ ദൃശ്യങ്ങള്‍ എസ്.പിയുടെ ശ്രദ്ധയില്‍പെട്ടത്. ഇതോടെ ഇവരെ അതാത് സ്ഥലങ്ങളില്‍ നിര്‍ത്തി പരസ്യമായി ഏത്തമിടീക്കുകയായിരുന്നു.