ന്യൂദല്‍ഹി- അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ കഴിഞ്ഞ ദിവസം നടന്ന ഗുരുദ്വാര ആക്രമണത്തില്‍ പങ്കെടുത്ത മൂന്നംഗ സംഘത്തില്‍ ഒരാള്‍ മലയാളിയാണെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. 25 പേര്‍ കൊല്ലപ്പെട്ട ആക്രമണം നടത്തിയ മൂന്ന് ഐ.എസ് ഭീകരന്മാരേയും അഫ്ഗന്‍ സുരക്ഷാ സേന കൊലപ്പെടുത്തിയിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഖുറാസന്‍ പ്രൊവിന്‍സ് (ഐ.എസ്.കെ.പി) ഏറ്റെടുക്കുകയും ചെയ്തു. അബു ഖാലിദ് അല്‍ ഹിന്ദി അല്‍ നബ എന്നാണ് ആക്രമണത്തില്‍ പങ്കെടുത്ത ഇന്ത്യക്കാരനെ ഐ.എസ് പ്രചാരണ വിഭാഗം പരിചയപ്പെടുത്തുന്നത്. ഇയാളുടെ ഫോട്ടോ സംഘം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അബ്ദുല്‍ ഖയ്യൂം, അബ്ദുല്‍ ഖാലിദ് എന്നീ പേരുകളിലും അറിയപ്പെടുന്ന ഇയാള്‍ കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശി മുഹ്്‌സിനാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാത്ത 29 കാരന്റെ തിരോധാനത്തെ കുറിച്ച് കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടില്ല. കുടുംബം ഇപ്പോള്‍ കണ്ണൂരിലാണ് താമസം. രണ്ടു വര്‍ഷം മുമ്പ് യു.എ.ഇയിലേക്ക് പോയ മുഹ്്‌സിനെ കുറിച്ച് വിവരമൊന്നുമില്ലെന്ന് മാത്രമാണ് കുടുംബം പറഞ്ഞിരുന്നത്.
2016 ല്‍ വിവിധ ബാച്ചുകളിലായി ഐ.എസില്‍ ചേരുന്നതിനായി കേരളം വിട്ടുവെന്ന് കരുതുന്നവരില്‍ മുഹ്‌സിന്‍ ഇല്ലെന്ന് പോലീസ് പറയുന്നു. തഹ് രീകെ താലിബാനില്‍നിന്ന് തെറ്റിപ്പിരിഞ്ഞവര്‍ 2015 ല്‍ രൂപീകരിച്ചതാണ് ഐ.എസ്.കെ.പി.