ബ്രിട്ടനില്‍  അടച്ച് പൂട്ടല്‍ ആറുമാസം നീളുമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍- യുകെയില്‍ കൊറോണ ലോക്ക്ഡൗണ്‍ മൂന്നാഴ്ചയല്ല ആറ്മാസമെങ്കിലും നീളുമെന്ന് മുന്നറിയിപ്പ്. രാജ്യത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ കാലമായ മൂന്നാഴ്ചക്കകം വൈറസ് ബാധ അടങ്ങിയാലും പിറ്റേന്നു മുതല്‍ സാധാരണ ജീവിതം ആരംഭിക്കാനാവില്ലെന്നും കൊലയാളി വൈറസ് തിരിച്ച് വരുമെന്ന ആശങ്ക കാരണം ചുരുങ്ങിയത് ആറ് മാസങ്ങളെങ്കിലും ഫലത്തില്‍ ലോക്ക്ഡൗണ്‍ സ്ഥിതി ആയിരിക്കുമെന്നുമാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.
ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. ജെന്നി ഹാരീസ് ആണ് ജനത്തിന് നിര്‍ണായകമായ മുന്നറിയിപ്പേകിയിരിക്കുന്നത്. മുന്‍കരുതലിന്റെ ഭാഗമായി ബ്രിട്ടനിലെ നിലവിലെ ലോക്ക്ഡൗണ്‍ സെപ്റ്റംബര്‍ വരെ നീണ്ടേക്കാമെന്നാണ് ഹാരീസ് പ്രവചിക്കുന്നത്. ഈസ്റ്ററോടെ രോഗം മൂര്‍ധന്യത്തിലെത്തുമെന്നും തുടര്‍ന്ന് രോഗം അടങ്ങിയാലും അത് വീണ്ടും തിരിച്ചെത്താനുള്ള സാധ്യതയേറെയാണെന്നും ഹാരീസ് പ്രവചിക്കുന്നു.
യുകെയിലെ വൈറസ് ബാധ കൂടുതല്‍ അപകടരമായ തോതില്‍ മൂര്‍ച്ഛിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടനിലെ വൈറസ് എക്‌സ്പര്‍ട്ടായ പ്രഫ. നെയില്‍ ഫെര്‍ഗൂസന്‍ മുന്നോട്ട് വന്നിരുന്നു. ഇപ്പോഴത്തെ അടച്ച് പൂട്ടല്‍ ജനം അച്ചടക്കത്തോടെ പാലിച്ചാലും വരാനിരിക്കുന്ന രണ്ട് മുതല്‍ മൂന്ന് വരെ ആഴ്ചകള്‍ക്കുള്ളില്‍ യുകെയിലെ ഐസിയു യൂണിറ്റുകള്‍ കോവിഡ്19 ബാധിതരെ കൊണ്ട് നിറയുമെന്നും ഐസിയുകള്‍ തീരെ ലഭ്യമല്ലാത്ത ഗുരുതരമായ അവസ്ഥ സംജാതമാകുമെന്നുമാണ് ഫെര്‍ഗുസന്‍ പ്രവചിച്ചത്.
 

Latest News