Sorry, you need to enable JavaScript to visit this website.

കോവിഡ് 19: തര്‍ഹീലില്‍നിന്ന് 33 ഇന്ത്യക്കാരടക്കം 42 പേര്‍ക്ക് ജാമ്യം

ദമാമിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയവര്‍.

ദമാം- കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള സുരക്ഷാ പദ്ധതികളുടെ ഭാഗമായി ദമാമിലെ തര്‍ഹീലില്‍നിന്ന് 42 പേരെ ജാമ്യത്തില്‍ വിട്ടു. 33 ഇന്ത്യക്കാരേയും 9 അഫ്ഗാന്‍ സ്വദേശികളേയുമാണ് വിട്ടയച്ചത്. സുഡാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ തടവുകാരേയും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വരും ദിവസങ്ങളില്‍ മറ്റു രാജ്യങ്ങളിലുള്ളവരേയും അതാത്് എംബസികളുമായി ബന്ധപ്പെട്ട് വിട്ടയക്കും.
പുറത്ത് താമസ സൗകര്യമുള്ളവരെയാണ് പ്രധാനമായും ജാമ്യം നല്‍കി അയക്കുന്നത്. ഇന്ത്യന്‍ തടവുകാരെ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ ജാമ്യത്തിലാണ് വിട്ടയച്ചത്. കോറോണക്കാലം അവസാനിക്കുമ്പോള്‍ ഇവരെ തിരികെ എത്തിച്ച് നാട്ടിലയക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന കരാറിലാണ് ജാമ്യം നല്‍കിയതെന്ന് നാസ് വക്കം പറഞ്ഞു. നവോദയ സാംസ്‌കാരിക വേദി തുഖ്ബ സനയ്യ യുനിറ്റിന്റെ സഹായത്താലാണ് ആളുകളെ താമസസ്ഥലത്ത് എത്തിച്ചത്. ഇനിയും അമ്പതിലധികം ആളുകള്‍ നാടു കടത്തല്‍ കേന്ദ്രത്തിലുണ്ട്. തനിക്ക് കഴിയുന്നവരെയൊക്കെ തന്റെ താമസസ്ഥലത്ത് ഇടം കൊടുത്തതായും നാസ് പറഞ്ഞു. നിലവില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരായ 30 ലധികം ആളുകളാണ് നാസിന്റെ താമസ സ്ഥലത്തുള്ളത്.

https://www.malayalamnewsdaily.com/sites/default/files/2020/03/27/p3damamtarheel_0.jpg
ജയിലിലുള്ളവര്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ദമാം ബദര്‍ അല്‍ റാബി മെഡിക്കല്‍ സെന്റര്‍ നല്‍കിയ മാസ്‌കും, സാനിറ്റൈസറുകളും വിതരണം ചെയ്തു. വിമാനസര്‍വീസുകള്‍ നിലച്ചതോടെയാണ് നാടുകടത്തല്‍ കേന്ദ്രത്തില്‍ ആളുകളുടെ എണ്ണം കൂടിയത്. വളരെ ഉദാരമായ സമീപനമാണ് അധികൃതര്‍ തടവുകാരോട് സ്വീകരിക്കുന്നത്. വിമാനത്താവളങ്ങള്‍ അടച്ചതോടെ നിരവധി മൃതദേഹങ്ങളും നാട്ടിലയക്കാനാവാതെ മോര്‍ച്ചറികളിലുണ്ട്.


 

 

Latest News