ന്യൂദൽഹി- ഹരിയാന സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പിന്തുണച്ചാൽ ബലാത്സംഗ കേസ് പിൻവലിക്കാമെന്ന് ബി.ജെ.പി ഗുർമീത് രാം റഹീമിന് വാഗ്ദാനം നൽകിയിരുന്നുവെന്ന്. രാം റഹീമിന്റെ മകളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാം റഹീമിന് സ്വാധീനമുള്ള 28 മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചാൽ ബലാത്സംഗ കേസ് പിൻവലിക്കാമെന്ന് വാഗ്ദാനമുണ്ടായിരുന്നുവെന്നാണ് മകളുടെ വെളിപ്പെടുത്തൽ. സന്ധ്യ ദൈനിക് എന്ന പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബി.ജെ.പിയുടെ ദേശീയ ഭാരവാഹിയായ അനിൽ ജെയിനും അരുണും ചേർന്നാണ് അമിത് ഷാ- രാം റഹീം കൂടിക്കാഴ്ച്ചക്ക് കളമൊരുക്കിയത്. ഈ കൂടിക്കാഴ്ച്ചയുടെ അടിസ്ഥാനത്തിലാണ് 28 മണ്ഡലങ്ങളിലേക്ക് രാം റഹീം ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതിന് പ്രതിഫലമായി എന്താണ് വേണ്ടത് എന്ന് ബി.ജെ.പി നേതാക്കൾ ചോദിച്ചപ്പോൾ തന്റെ പേരിലുള്ള ബലാത്സംഗ കേസ് പിൻവലിക്കണം എന്നാണ് ബാബ ആവശ്യപ്പെട്ടതെന്നും മകൾ വ്യക്തമാക്കി. ഹരിയാനയിൽ അധികാരത്തിലെത്താൻ വേണ്ടി ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ രാം റഹീമിനെ ഉപയോഗിക്കുകയായിരുന്നുവെന്നും മകൾ ആരോപിച്ചു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി രാം റഹീമിനെ അടുപ്പിച്ചത് ബി.ജെ.പി ദേശീയ സെക്രട്ടറി കൈലാഷ് വിജയ്‌വർഗിയ ആയിരുന്നുവെന്നും ഇവർ പറയുന്നു.