ന്യൂദല്‍ഹി- മുന്‍കേന്ദ്രമന്ത്രിയും സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാപക അംഗവുമായ ബേണി പ്രസാദ് വര്‍മ (79) അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലഖ്‌നൗവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാത്രി ഏഴ് മണിയോടെയാണ് മരിച്ചത്. അദ്ദേഹത്തിന്റെ മകന്‍ രാകേഷ് വര്‍മയാണ് മരണവിവരം അറിയിച്ചത്.നിലവില്‍ രാജ്യസഭാ എംപിയാണ് ബേണി പ്രസാദ് വര്‍മ. 1996-98 വരെ ദേവഗൗഡ മന്ത്രിസഭയില്‍ കേന്ദ്ര ആശയവിനിമയ മന്ത്രിയായിരുന്നു. കൈസര്‍ഗഞ്ച് ലോക്‌സഭാ സീറ്റില്‍ നിന്ന് 1998, 1999, 2004 വര്‍ഷങ്ങളില്‍ ലോക്‌സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
2009 ല്‍ ഉത്തര്‍പ്രദേശിലെ ഗോണ്ട നിയോജകമണ്ഡലത്തില്‍ നിന്ന് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം പാര്‍ലമെന്റ് അംഗമായി.2011 ന് മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ ഉരുക്ക് മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്നു അദ്ദേഹം. മുലായംസിങ്ങ് യാദവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന നേതാവാണ് ബേണി പ്രസാദ് വര്‍മ. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആശുപത്രിയിലെത്തി അനുശോചനം രേഖപ്പെടുത്തി.