ന്യൂദല്‍ഹി- കോവിഡ്19 ഭീതിയുടെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നയ പ്രഖ്യാപനം ഓഹരി വിപണിക്ക് നേട്ടമായി. വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച നടപടിയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. സമീപനാളുകളില്‍ കോര്‍പറേറ്റ് ബോണ്ട് മാര്‍ക്കറ്റിലും ബാങ്കിങ് മേഖലയിലുമുണ്ടായിരുന്ന പണ ലഭ്യതയിലെ കുറവിന് പരിഹാരമുണ്ടാക്കുന്ന നടപടികളും ആര്‍.ബി.ഐ പ്രഖ്യാപിച്ചു. ബാങ്കുകളുടെ കരുതല്‍ ധനഅനുപാതം നാലു ശതമാനത്തില്‍നിന്ന് മൂന്നു ശതമാനമാക്കി കുറച്ചു.
ആര്‍.ബി.ഐ നടപടികളിലൂടെ ഏകദേശം 3.75 ലക്ഷം കോടിയുടെ പണ ലഭ്യത പുതുതായി വിപണിയിലുണ്ടാകും. ഉപഭോക്താക്കളെ സംബന്ധിച്ച് പലിശ നിരക്കുകളില്‍ ഗുണകരമായ നിലപാടും ആര്‍.ബി.ഐ കൈക്കൊണ്ടു. റിപ്പോ നിരക്കുകളില്‍ 0.75 ശതമാനത്തിന്റെ കുറവ് വരുത്തിയ ആര്‍.ബി.ഐ നടപടിയും ഗുണകരമാകും. ഇത് അധികം വൈകാതെ വിപണിയില്‍ പലിശ നിരക്കുകള്‍ കുറക്കാന്‍ സഹായിക്കും.
എല്ലാ വിധത്തിലുമുള്ള ബാങ്കുകളുടെ ടേം ലോണുകള്‍ക്ക് മൂന്നു മാസത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്തി. കമ്പനികളുടെ പ്രവര്‍ത്തന മൂലധന വായ്പകള്‍ക്കും തിരിച്ചടവിന് മൂന്നു മാസത്തേക്ക് സാവകാശം നല്‍കി. വീട് ലോണ്‍, കാര്‍ ലോണ്‍ തുടങ്ങി എല്ലാ ഉപഭോക്തൃ ലോണുകള്‍ക്കും മൂന്നു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഈ നിലയിലുള്ള എല്ലാ ഇ.എം.ഐകളും മൂന്നു മാസത്തേക്ക് അടയ്‌ക്കേണ്ടതില്ല.