തിരുവനന്തപുരം- ഇടുക്കിയിലെ കൊവിഡ് രോഗി തന്നെ കാണാന്‍ നിയമസഭയിലെ ഓഫീസില്‍ എത്തിയിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ സെക്രട്ടറിയേറ്റില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നതിനാല്‍ കൂടിക്കാഴ്ച നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഇടുക്കി ബ്ലോക്ക് പഞ്ചായത് മുന്‍ പ്രസിഡന്റുമായ കോവിഡ് ബാധിതന്‍ നിയമ സഭയില്‍ വന്നിരുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു മന്ത്രി ഉള്‍പ്പെടെ അഞ്ച് എംഎല്‍എ മാരുമായും ഉന്നതോദ്യോഗസ്ഥരും മറ്റ് നിരവധി പ്രമുഖരുമായും ഇദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കോറോണ ബാധിതന്‍ തന്നെയും കാണാന്‍ എത്തിയിരുന്നതായി പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. രോഗിയുമായി ഇടപഴകിയവരൊക്കെ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയേണ്ട അവസ്ഥയാണ്.
63കാരനായ ഇദ്ദേഹം പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ വിവിധയിടങ്ങള്‍ സന്ദര്‍ശിക്കുകയും നിരവധിപേരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. പാലക്കാട്, ഷോളയാര്‍, മൂന്നാര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇദ്ദേഹം സന്ദര്‍ശനം നടത്തി. സംഘടനായോഗങ്ങളിലും സമരങ്ങളിലും പങ്കെടുത്തതോടൊപ്പം ദേവാലയങ്ങളും ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. അതേസമയം ഇയാള്‍ വിദേശ യാത്രകളൊന്നും നടത്തിയിട്ടില്ല. കമ്യൂണിറ്റി ട്രാന്‍സ്മിഷന്‍ വഴിയോ, നേരത്തേ പാലക്കാട് രോഗബാധ സ്ഥിരീകരിച്ചയാളുമായി ബന്ധപ്പെട്ട് സെക്കന്ററി ട്രാന്‍സ്മിഷനോ ആവാമെന്നാണ് നിഗമനം. ഇതിനാല്‍ കനത്ത ജാഗ്രതയിലാണ് ഇടുക്കി നിവാസികള്‍.