തീർഥാടകർക്ക് സൗദി ഗവൺമെന്റ് ചെലവിൽ മടക്കയാത്രാ ക്രമീകരണം ഒരുക്കും
മക്ക - നിലവിലെ പ്രത്യേക സാഹചര്യങ്ങൾ മൂലം വിസാ കാലാവധിക്കുള്ളിൽ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാൻ കഴിയാതിരിക്കുകയും വിസാ കാലാവധി അവസാനിക്കുകയും ചെയ്ത ഉംറ തീർഥാടകരെ പിഴകളിൽ നിന്നും മറ്റു ശിക്ഷാ നടപടികളിൽ നിന്നും ഒഴിവാക്കുന്ന പൊതുമാപ്പ് ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷ നൽകുന്നതിനുള്ള അവസാന ദിവസം നാളെ(ശനി, 28/03/2020)യാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. പൊതുമാപ്പ് ആനുകൂല്യം ലഭിക്കുന്നതിന് തീർഥാടകർ ഓൺലൈൻ വഴി ഹജ്, ഉംറ മന്ത്രാലയത്തിന് പ്രത്യേക അപേക്ഷ നൽകണം.
വിസാ കാലാവധിക്കുള്ളിൽ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാത്ത മുഴുവൻ ഉംറ തീർഥാടകർക്കും പൊതുമാപ്പ് ആനുകൂല്യം ലഭിക്കും. അനധികൃതമായി രാജ്യത്ത് തങ്ങിയതിനുള്ള പിഴകളിൽ നിന്നും മറ്റു നിയമ നടപടികളിൽ നിന്നും ഇവരെ ഒഴിവാക്കും. കൂടാതെ അനധികൃത താമസക്കാർ എന്നോണം വിരലടയാളം രേഖപ്പെടുത്തി നാടുകടത്തപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ നിന്നും തീർഥാടകരെ ഒഴിവാക്കും.
സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് സൗദി ഗവൺമെന്റ് ചെലവിൽ ഇവർക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തും. മടക്കയാത്രയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും യാത്രാ സമയവും എസ്.എം.എസ് വഴി തീർഥാടകരെ മുൻകൂട്ടി അറിയിക്കുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിന് ഓൺലൈൻ വഴി അപേക്ഷ നൽകാത്തവർക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും. ഇവരുടെ മടക്കയാത്രാ ക്രമീകരണങ്ങളും ചെലവുകളും സൗദി ഗവൺമെന്റ് വഹിക്കുകയുമില്ല. ജിദ്ദ, മദീന എയർപോർട്ടുകളിലൂടെ മാത്രമായിരിക്കും തീർഥാടകരുടെ മടക്കയാത്ര ക്രമീകരിക്കുക.