ന്യൂദല്‍ഹി- ലൈംഗിക പീഡനക്കേസില്‍ ദേര സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിനെ സിബിഐ കോടതി 10 വര്‍ഷം കഠിന തടവിനു ശിക്ഷിച്ച ദിവസം തന്നെ മറ്റൊരു ആള്‍ദൈവമായ ആസാറാം ഉള്‍പ്പെട്ട മറ്റൊരു ലൈംഗിക പീഡനക്കേസില്‍ കേസില്‍ വിചാരണ വൈകുന്നതിനെ ചൊല്ലി ഗുജറാത്ത് സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസില്‍ വിചാരണ തുടങ്ങിയിട്ടും ഇന്നു വരെ എന്തു കൊണ്ട് പ്രതി ആസാറാം ബാപുവിനെ വിസ്തരിച്ചില്ലെന്ന് കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ചോദിച്ചു.
ഇതു സംബന്ധിച്ച് മറുപടി ഉടന്‍ നല്‍കണമെന്ന് ജസ്റ്റിസുമാരായ എന്‍ വി രാമണ്ണ, അമിതവ റോയ് എന്നിവരടങ്ങുന്ന ബെഞ്ച് ഗുജറാത്ത് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുശാര്‍ മേത്തയോട് ഉത്തരവിട്ടു. ഹര്‍ജി ദീപാവലിക്കു ശേഷം കോടതി വീണ്ടും പരിഗണിക്കും. നേരത്തെ, ഏപ്രിലില്‍ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍, ജസ്റ്റിസുമാരായ ഡി ഐ ചന്ദ്രചൂഡ്, എസ് കെ കൗള്‍ എന്നിവരടങ്ങുന്ന ബെഞ്ച് കേസ് വിചാരണ ത്വരിതപ്പെടുത്താന്‍ ഉത്തരവിട്ടിരുന്നു. സാക്ഷി വിസ്താരം ത്വരിതപ്പെടുത്താനും ബെഞ്ച് വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ആസാറാം ബാപുവിനെതിരായ ലൈംഗികപീഡനക്കേസില്‍ ഇതുവരെ 29 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചതായും 46 സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുണ്ടെന്നും ഗുജറാത്തിനു വേണ്ടി ഹാജരായ മേത്ത കോടതിയെ അറിയിച്ചു.
ഗുജറാത്തിലും രാജസ്ഥാനിലുമായി രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡനം, നിയമവിരുദ്ധമായി തടഞ്ഞുവെക്കല്‍ എന്നീ കുറ്റങ്ങളാണ് ബാപുവിനെതിരെ ചുമത്തിയിട്ടുള്ളത്. ആരോഗ്യം മോശമായെന്ന് ചൂണ്ടിക്കാട്ടി ജനുവരിയില്‍ ജാമ്യത്തിനു ശ്രമിച്ചെങ്കിലും കോടതി ബാപുവിന് ജാമ്യം നിഷേധിച്ചിരുന്നു. കെട്ടിച്ചമച്ച രേഖകള്‍ സമര്‍പിച്ചാണ് ജാമ്യത്തിനു ശ്രമിച്ചതെന്നു കണ്ടെത്തിയ കോടതി വ്യാജരേഖ ചമച്ചതിന് ബാപുവിനെതിരെ കേസെടുക്കാനും ഉത്തരവിട്ടിരുന്നു. ആസാറാം ബാപുവിന്റെ മകന്‍ നാരായണ്‍ സായിയും കേസില്‍ പ്രതിയാണ്. 2013 ഓഗസ്റ്റിലാണ് ആസാറാം ബാപുവിനെ ജോധ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.