Sorry, you need to enable JavaScript to visit this website.

ദൽഹിയിൽ ആം ആദ്മിക്ക് മിന്നും ജയം

ന്യൂദൽഹി- ദൽഹി നിയമസഭയിലെ ബവാന മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ഗംഭീര ജയം. തൊട്ടടുത്ത എതിർസ്ഥാനാർത്ഥി നേടിയ വോട്ടിന്റെ ഇരട്ടിയോടുപ്പിച്ചുള്ള നേടിയാണ് ആം ആദ്മിയുടെ  രാം ചന്ദ്ര  വിജയിച്ചത്. 24,052 വോട്ടിന്റെ ഭൂരിപക്ഷമാണ് ആം ആദ്മി നേടിയത്.ആം ആദ്മിക്ക് 59886 ഉം ബി.ജെ.പിക്ക് 35834 ഉം കോൺഗ്രസിന് 31919 വോട്ടും നേടാനായി.  ബി.ജെ.പി രണ്ടും കോൺഗ്രസ് മൂന്നും സ്ഥാനത്തുമെത്തി. ആം ആദ്മിയുടെ രാം ചന്ദ്രയാണ് വിജയിച്ചത്. 
ആം ആദ്മി എം.എൽ.എ വേദ് പ്രകാശ് സതീഷ്  രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നതോടെയാണ് ബവാനയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബി.ജെ.പിക്ക് വേണ്ടി വേദ് പ്രകാശ് തന്നെയാണ് മത്സരിക്കാനുണ്ടായിരുന്നത്. എതിർപാർട്ടിയിൽനിന്നുള്ള എം.എൽ.എ മാരെ അടർത്തി മാറ്റി തെരഞ്ഞെടുപ്പ് വിജയം കൊയ്യാമെന്ന ബി.ജെ.പിയുടെ തന്ത്രത്തിന് കൂടിയാണ് ദൽഹിയിൽ തിരിച്ചടിയേറ്റത്. വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (വി.വി.പി.എ.ടി) സംവിധാനം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പായിരുന്നു ദൽഹിയിൽ നടന്നത്. വോട്ടർമാർക്കും വി.വി.പി.എ.ടി (ആർക്കാണ് വോട്ട് ചെയ്തത് എന്ന് വോട്ടർക്ക് തന്നെ ബോധ്യപ്പെടാനുള്ള സംവിധാനമാണിത്.  വോട്ട് ചെയ്തതിന്റെ പ്രിന്റൗട്ട് വോട്ടർക്ക് തന്നെ ലഭിക്കും)യോടും നന്ദി പറയുന്നതായി മന്ത്രി സതേന്ദ്ര ജയിൻ വ്യക്തമാക്കി. കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ വിജയം നേടാൻ കാരണം വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാണിച്ചതുകൊണ്ടാണെന്ന ആരോപണം ആം ആദ്മി ഉന്നയിച്ചിരുന്നു. ഭരണത്തിനുള്ള ജനങ്ങളുടെ അംഗീകാരമാണ് ഉപതെരഞ്ഞെടുപ്പ് വിജയമെന്ന് അരവിന്ദ് കെജ്രിവാള്‍ അഭിപ്രായപ്പെട്ടു. 
അരവിന്ദ് കെജ്‌രിവാളിനെ സംബന്ധിച്ചടത്തോളം ഏറെ നിർണായകമായിരുന്നു ഈ ഉപതെരഞ്ഞെടുപ്പ്. ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥി വിജയിച്ചിരുന്നെങ്കിൽ കൂടുതൽ പേർ ആ വഴി തേടുമെന്ന ഭീതി ആം ആദ്മിക്കുണ്ടായിരുന്നു. ഗംഭീര വിജയത്തോടെ ആ വഴി ആം ആദ്മിക്ക് ശക്തമായി പ്രതിരോധിക്കാനായി. ബി.ജെ.പിയുടെ ദൽഹി നേതാവ് മനോജ് തിവാരിക്കും ഉപതെരഞ്ഞെടുപ്പ് അഗ്നി പരീക്ഷയായിരുന്നു. ദൽഹിയിലെ ഏറ്റവും വലിയ അസംബ്ലി മണ്ഡലങ്ങളിലൊന്നാണ് ബവാന. വിജയത്തോടെ ദൽഹിയിലെ എഴുപതംഗ അസംബ്ലിയിൽ ആം ആദ്മിക്ക് 66 അംഗങ്ങളായി. ബി.ജെ.പിക്ക് നാല് അംഗങ്ങളാണുള്ളത്. 2013-ൽ ഭരണത്തിലുണ്ടായിരുന്ന കോൺഗ്രസിന് ഒരാളെ പോലും ദൽഹി നിയമസഭയിൽ എത്തിക്കാനായില്ല. 

2.94 ലക്ഷം വോട്ടർമാരാണ് ബവാന മണ്ഡലത്തിലുള്ളത്. ഇതിൽ 1,64,114 പേർ പുരുഷൻമാരാണ്. 379 പോളിംഗ് സറ്റേഷനുകളാണ് ഒരുക്കിയിരുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ആം ആദ്മി സ്ഥാനാർത്ഥി തന്നെയായിരുന്നു മുന്നേറിയിരുന്നത്. രണ്ടാം സ്ഥാനത്തിന് വേണ്ടി ബി.ജെ.പിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു.
കോൺഗ്രസിന് വോട്ടിംഗ് ശതമാനത്തിൽ വർധനവുണ്ടായതായും ബി.ജെ.പിക്കും ആം ആദ്മിക്കും ഇടിവ് സംഭവിച്ചതായും കോൺഗ്രസ് നേതാവ് അജയ് മാക്കൻ പ്രതികരിച്ചു. മോഡിയുടെ ജനപ്രീതിക്ക് കുറവുണ്ടായില്ല എന്നായിരുന്നു ബി.ജെ.പി സ്ഥാനാർത്ഥി വേദ് പ്രകാശിന്റെ പ്രതികരണം. 

ഗോവ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയം

പനാജി- ഗോവ നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു സീറ്റിലും ബി.ജെ.പിക്ക് ജയം. പനാജിയിൽ മുഖ്യമന്ത്രി മനോഹർ പരീക്കർ വിജയിച്ചു. വാൽപോയിൽ ബി.ജെ.പിയുടെ തന്നെ വിശ്വജിത് റാണെയും വിജയിച്ചു. 4803 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരീക്കർ വിജയിച്ചത്. ന്യൂദൽഹിയിലെ ബവാന, ഗോവയിലെ പനാജി, വാൽപേയ്, ആന്ധ്രപ്രദേശിലെ നന്ദ്യാൽ എന്നീ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നത്. 
പനാജിയിൽ പരീക്കർക്ക് മത്സരിക്കാൻ വേണ്ടി ബി.ജെ.പി എം.എൽ.എ സിദ്ധാർത്ഥ് കുൻകാലിങ്കാറാണ് രാജിവെച്ചത്. നിലവിൽ രാജ്യസഭാംഗമായ പരീക്കർ അടുത്തയാഴ്ച്ച രാജ്യസഭാംഗത്വം രാജിവെക്കും. കോൺഗ്രസ് എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം സ്ഥാനം രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന വിശ്വജിത്ത് റാണെയാണ് വാൽപോയ് മണ്ഡലത്തിൽ വീണ്ടും ജനവിധി തേടിയിരുന്നത്. കോൺഗ്രസിന്റെ റോയി നായിക്കിനെ വിശ്വജിത് റാണെ 10,666 വോട്ടിന്റെ ഭൂരിപക്ഷത്തിന് മറികടന്നു. നിലവിൽ ഗോവയിലെ ആരോഗ്യമന്ത്രിയാണ് റാണെ.
 

Latest News