ന്യൂദല്‍ഹി- അഗസ്ത വെസ്റ്റ്‌ലാന്റ് കുംഭകോണക്കേസിലെ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മൈക്കല്‍ ജെയിംസ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഇടക്കാല ജാമ്യം തേടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. അമ്പത്തിയൊമ്പതുകാരനായ തന്റെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാല്‍ തീഹാര്‍ ജയിലില്‍ കൊറോണ പകരാന്‍ സാധ്യത ഏറ്റവും കൂടുതലുള്ളയാളാണ് താനെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹരജി നല്‍കിയത്.
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ വിചാരണ നേരിടുന്നവരുടെ മോചനം സംബന്ധിച്ച് കാര്യങ്ങള്‍ തീരുമാനിക്കാന്‍ മേല്‍ക്കമ്മറ്റികള്‍ രൂപീകരിക്കാന്‍ സുപ്രിംകോടതി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യവും ജാമ്യ ഹരജിയില്‍ സൂചിപ്പിട്ടുണ്ട്. 2018 ഡിസംബര്‍ 22 നാണ് ദുബായ് പോലിസ് അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റിന് മൈക്കലിനെ കൈമാറിയത്. 2019 ജനുവരി അഞ്ചിനാണ് അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും അന്വേഷിക്കുന്ന മൂന്ന് കുംഭകോണ കേസുകളിലെ ഇടനിലക്കാരനാണ് ക്രിസ്ത്യന്‍ മൈക്കല്‍.