നാഗ്പൂര്‍- കൊറോണ വൈറസിനെ നേരിടുന്നതിന്റെ ഭാഗമായി പെട്ടെന്നാണ് രാജ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്ന് യുവാവ് നാട്ടിലെത്തിയത് 135 കി.മീ കാല്‍നടയായി. പൂനെയില്‍ ജോലി ചെയ്യുന്ന നരേന്ദ്ര ഷെല്‍ക്കേ എന്ന 26കാരനാണ് ദുരിതാവസ്ഥ നേരിടേണ്ടി വന്നത്. 135കി.മീ ആണ് അദ്ദേഹം ഭക്ഷണം പോലും ലഭിക്കാതെ നടന്നത്. പൂനെയില്‍ തൊഴിലാളിയായ നരേന്ദ്ര അടക്കമുള്ള നിരവധി പേരാണ് താമസിക്കാന്‍ ഇടമോ കഴിക്കാന്‍ ഭക്ഷണമോ നാട്ടിലേക്ക് തിരിച്ചുപോകാന്‍ വാഹനമോ ഇല്ലാതെ പരിഭ്രാന്തിയിലായത്.ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് അറിഞ്ഞ നരേന്ദ്ര ഷെല്‍ക്കേ തന്റെ ഗ്രാമമായ ചന്ദ്രപൂര്‍ ജില്ലയിലെ സവോലിയിലെ ജംബ് ഗ്രാമത്തിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.പൂനെയില്‍ നിന്ന് നാഗ്പൂരിലേക്കുള്ള അവസാന ട്രെയിന്‍ പിടിക്കാന്‍ ശ്രമം നടത്തിയപ്പോഴാണ് തീവണ്ടികള്‍ പിടിച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ പകരം യാത്രാ സംവിധാനങ്ങളൊന്നും ഇല്ലാത്തതിനാല്‍ നാഗ്പൂരിലേക്ക് നടന്നുപോകാന്‍ തീരുമാനിക്കുകയായിരുന്നു അദേഹം.
നാഗ്പൂര്‍-നാഗിദ് റോഡില്‍ നിന്ന് കാല്‍നടയാത്ര തുടങ്ങിയ അദ്ദേഹം ബുധനാഴ്ചയോടെ സിന്ധേവാഹി തഹ്‌സിലിലെ ശിവാജി സ്‌ക്വയറില്‍ എത്തി. തളര്‍ന്നിരിക്കുന്ന യുവാവിനെ ശ്രദ്ധയില്‍പ്പെട്ട പോലിസുകാര്‍ സംഭവം ചോദിച്ചറിഞ്ഞു. കര്‍ഫ്യൂ ലംഘിച്ചതിന്റെ കാരണം തേടിയ പോലിസുകാരോട് താന്‍ രണ്ട് ദിവസമായി വീട്ടിലെത്താനായി നടക്കുകയാണെന്ന് അറിയിച്ചു.അവശനായ ഷെല്‍ക്കേയെ പോലിസുകാര്‍ ആശുപത്രിയിലെത്തുകയും ആവശ്യമായ വൈദ്യപരിശോധനകള്‍ നടത്തുകയും ചെയ്തു. കൂടാതെ എസ്‌ഐ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം എത്തിച്ചുനല്‍കി.പിന്നീട് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനുമതി ലഭിച്ച ശേഷം സിന്ധേവാഹിയില്‍ നിന്ന് 25 കി.മീ അകലെയുള്ള ഷെല്‍ക്കെയുടെ ഗ്രാമായ ജംബില്‍ പോലിസ് വാഹനത്തിലെത്തിക്കുകയായിരുന്നു.ഷെല്‍ക്കെയെ പതിനാല് ദിവസം വീട്ടില്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ് അധികൃതര്‍.