ഭോപാല്‍- മോഷ്ടിക്കപ്പെട്ട ലൗഡ്‌സ്പീക്കറിനു പകരം പുതിയത് വാങ്ങാന്‍ കഴിയാതെ വലഞ്ഞ ക്ഷേത്രത്തിന് പുതിയ ലൗഡ്‌സ്പീക്കര്‍ സംവിധാനം സമ്മാനിച്ച് മുസ്ലിംകള്‍ മാതൃകയായി. മധ്യപ്രദേശിലെ ഹര്‍ദയില്‍ നിന്നാണ് ഈ നല്ലവാര്‍ത്ത. ഹര്‍ദ ജില്ലാ വഖഫ് കമ്മിറ്റി പ്രസിഡന്റ് സഈദ് ഖാനാണ് ഇതിനു മുന്‍കൈ എടുത്തത്. സ്ഥിരമായ ഭക്തിഗാനങ്ങളും മറ്റും കേട്ടിരുന്ന ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്നും ശബ്ദമൊന്നും കേള്‍ക്കാത്തതിനെ തുടര്‍ന്നാണ് ഖാന്‍ കാര്യങ്ങള്‍ അന്വേഷിച്ചത്. അഞ്ചു ദിവസം മുമ്പ് ക്ഷേത്രത്തിലെ ലൗഡ് സ്പീക്കര്‍ മോഷണം പോയ വിവരമറിഞ്ഞ ഉടന്‍ തന്നെ പുതിയ വാങ്ങി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ഖാന്‍ പറഞ്ഞു. മതിയായ പണിമില്ലാത്തതു കാരണം പുതിയത് വാങ്ങാന്‍ കഴിയാത്ത വിഷമത്തിലായിരുന്നു ക്ഷേത്ര അധികാരികള്‍.
'പലപ്പോഴും ഈ ക്ഷേത്രത്തിനു മുമ്പിലൂടെ കടന്നു പോകുമ്പോള്‍ ഭക്തിഗാനങ്ങള്‍ കേള്‍ക്കാറുണ്ടായിരുന്നു. ഈയിടെ ഇതു കേള്‍ക്കാതായതോടെ പൂജാരിയോട് അന്വേഷിച്ചപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. പുതിയത് ആരെങ്കിലും വാങ്ങി തന്നിട്ടുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നു അദ്ദേഹം പറഞ്ഞു. ഉടന്‍ തന്നെ ഞങ്ങള്‍ വാങ്ങി നല്‍കുകയായിരുന്നു,' സഈദ് ഖാന്‍ പറഞ്ഞു.
ക്ഷേത്രങ്ങളിലും പള്ളികളിലും ഉച്ചഭാഷിണി ഉപയോഗത്തിനെതിര പലരും രംഗത്തുവരുന്നുണ്ടെങ്കിലും ഇന്ത്യയില്‍ പൊതുവെ അധികമാരും ഇതിനെ എതിര്‍ക്കുന്നവരല്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ചിലര്‍ കുത്സിത ശ്രമങ്ങള്‍ നടത്തി വരുന്ന മേഖല കൂടിയാണിത്. കഴിഞ്ഞ വര്‍ഷം മുസ്ലിം ദമ്പതികളെ ബീഫിന്റെ പേരില്‍ ഹിന്ദുത്വ തീവ്രവാദികള്‍ ഇവിടെ ആക്രമിച്ചിരുന്നു.