പനാജി- ഗോവ നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു സീറ്റിലും ബി.ജെ.പിക്ക് ജയം. പനാജിയിൽ മുഖ്യമന്ത്രി മനോഹർ പരീക്കർ വിജയിച്ചു. വാൽപോയിൽ ബി.ജെ.പിയുടെ തന്നെ വിശ്വജിത് റാണെയും വിജയിച്ചു. 4803 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരീക്കർ വിജയിച്ചത്. ന്യൂദൽഹിയിലെ ബവാന, ഗോവയിലെ പനാജി, വാൽപേയ്, ആന്ധ്രപ്രദേശിലെ നന്ദ്യാൽ എന്നീ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നത്.
പനാജിയിൽ പരീക്കർക്ക് മത്സരിക്കാൻ വേണ്ടി ബി.ജെ.പി എം.എൽ.എ സിദ്ധാർത്ഥ് കുൻകാലിങ്കാറാണ് രാജിവെച്ചത്. നിലവിൽ രാജ്യസഭാംഗമായ പരീക്കർ അടുത്തയാഴ്ച്ച രാജ്യസഭാംഗത്വം രാജിവെക്കും. കോൺഗ്രസ് എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം സ്ഥാനം രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന വിശ്വജിത്ത് റാണെയാണ് വാൽപോയ് മണ്ഡലത്തിൽ വീണ്ടും ജനവിധി തേടിയിരുന്നത്. കോൺഗ്രസിന്റെ റോയി നായിക്കിനെ വിശ്വജിത് റാണെ 10,666 വോട്ടിന്റെ ഭൂരിപക്ഷത്തിന് മറികടന്നു. നിലവിൽ ഗോവയിലെ ആരോഗ്യമന്ത്രിയാണ് റാണെ.
ന്യൂദൽഹിയിലെ ബവാന, ആന്ധ്രയിലെ നന്ദ്യാൽ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.