Sorry, you need to enable JavaScript to visit this website.

സൗദി ആരോഗ്യമന്ത്രാലയത്തിനു പിന്നില്‍ നൂറ്റാണ്ട് മുമ്പത്തെ ഒരു മഹാമാരിയുടെ കഥയുണ്ട്

റിയാദ്- കോവിഡ് വ്യാപനത്തിനെതിരെ അതിശക്തമായി പോരാടുന്ന സൗദി ആരോഗ്യ മന്ത്രാലയം മറ്റൊരു മഹാമാരിയുടെ സൃഷ്ടിയെന്ന് രേഖകൾ. 102 വർഷം മുമ്പുണ്ടായ സ്പാനിഷ് ജ്വരമെന്ന മഹാമാരി നജ്ദിൽ നിരവധി മനുഷ്യജീവനുകൾക്ക് ഭീഷണിയായപ്പോൾ അവിടുത്തെ ഭരണാധികാരിയായിരുന്ന ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവാണ് ആരോഗ്യ മന്ത്രാലയത്തിന് രൂപം നൽകിയത്. 


ലോകത്ത് ലക്ഷക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയ സ്പാനിഷ് ജ്വരം നജ്‌ദെന്നറിയപ്പെടുന്ന റിയാദിൽ 1918 മാർച്ചിൽ ആയിരത്തിലേറെ പേർക്ക് ജീവഹാനിയുണ്ടാക്കി. രാജകുമാരൻമാരും കുടുംബങ്ങളുമടക്കം പലരും മഹാമാരിക്ക് മുമ്പിൽ ചേതനയറ്റവരായി. മൂന്നു മാസമാണ് ഈ രോഗം സൗദിയിലുണ്ടായിരുന്നത്. രോഗം പേടിച്ച് ആളുകൾ മലമുകളിൽ പോയി താമസിച്ചിരുന്നതായും രോഗികളെ ക്വാറന്റൈൻ ചെയ്തിരുന്നതായും ചരിത്രത്തിലുണ്ട്. മയ്യിത്തുകൾ കഫൻ ചെയ്യാനും ഖബർസ്ഥാനിലേക്ക് കൊണ്ടുപോകാനും വരെ സൗകര്യങ്ങളില്ലാതായി. ഈ ദുരന്തത്തെ ഇന്നും ഒരു നെടുവീർപ്പോടെയാണ് സൗദികൾ ഓർക്കുന്നത്.


മഹാമാരി തന്റെ ജനതയെ പൂർണമായും അപകടത്തിലാക്കുമെന്ന് മനസ്സിലാക്കിയ റിയാദ് ഭരണാധികാരി അബ്ദുൽ അസീസ് രാജാവ് ബഹ്‌റൈനിലെ അമേരിക്കൻ മിഷൻ ആശുപത്രിയിലെ ഡോക്ടർമാരെ റിയാദിലേക്ക് കൊണ്ടുവന്ന് ആശുപത്രി നിർമിച്ച് ജനങ്ങൾക്ക് സൗജന്യ ചികിത്സ നൽകി. ആശുപത്രിയും ഡോക്ടർമാരും ഇവിടെ തുടരുകയും ചെയ്തു.
ഈ മഹാമാരി ദുരന്തം കഴിഞ്ഞ് ഏഴ് വർഷത്തിന് ശേഷമാണ് സൗദിയിൽ ജനറൽ ഹെൽത്ത് അതോറിറ്റി രൂപീകരിച്ചത്. അന്ന് മക്ക ആസ്ഥാനമായി പ്രവർത്തിക്കുകയും പിന്നീട് ജിദ്ദ, മദീന, റിയാദ്, അൽഹസ, അസീർ എന്നിവിടങ്ങളിൽ ശാഖകൾ സ്ഥാപിക്കുകയും ചെയ്തു. രാജാവ് മരിച്ച് മൂന്നു വർഷം കഴിഞ്ഞപ്പോൾ ആരോഗ്യമന്ത്രാലയമായി ആരോഗ്യ അതോറിറ്റി പരിണമിച്ചു. അബ്ദുല്ല അൽഫൈസലിനായിരുന്നു ഈ മന്ത്രാലയത്തിന്റെ ചുമതല. പിന്നീട് മന്ത്രാലയത്തിന് കീഴിൽ എല്ലാ പ്രവിശ്യകളിലും ആശുപത്രികൾ സ്ഥാപിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദഗ്ധ ഡോക്ടർമാരെ എത്തിക്കുകയും ചെയ്തു.


മിഷൻ ആശുപത്രി മേധാവിയായിരുന്ന പോൾ ഹാർമറിംഗ് തന്റെ 'സൗദിക്ക് വേണ്ടിയുള്ള ഡോക്ടർമാർ' എന്ന ഗ്രന്ഥത്തിൽ പറയുന്നത് ഡോ. പോൾ ഹാരിസനൊപ്പമാണ് ഞാൻ റിയാദിലേക്ക് പോയത്. വിനയാന്വിതനായ അബ്ദുൽ അസീസ് രാജാവ് ഞങ്ങളെ ഖഹ്‌വ തന്ന് സ്വീകരിച്ച് പറഞ്ഞു. എന്നെയോ എന്റെ കുടുംബത്തെയോ ചികിത്സിക്കാനല്ല നിങ്ങളെ ഇവിടെ വരുത്തിയത്. എന്റെ ജനത മഹാമാരിയുടെ അപകടത്തിലാണ്. അവരെ സൗജന്യമായി ചികിത്സിക്കണം.
1913 മുതൽ 1953 വരെയുള്ള കാലഘട്ടങ്ങളിൽ നിരവധി വിദഗ്ധ ഡോക്ടർമാർ സൗദിയിലുണ്ടായിരുന്നു. എണ്ണായിരത്തിലധികം ആളുകളെ പ്രതിവർഷം അവർ ചികിത്സിക്കുകയും ചെയ്തു. പൊതുജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ഏറ്റവുമധികം ശ്രദ്ധിച്ചിരുന്ന വ്യക്തിയായിരുന്നു അബ്ദുൽ അസീസ് രാജാവെന്ന് സിറിയൻ ചരിത്രകാരനായ ഖൈറുദ്ദീൻ അൽസിർക്കലി തന്റെ അബ്ദുൽ അസീസ് രാജാവിന്റെ കാലത്തെ അറേബ്യൻ ഉപദ്വീപ് എന്ന ഗ്രന്ഥത്തിൽ വിശേഷിപ്പിക്കുന്നുണ്ട്.

Latest News