കോഴിക്കോട്- മത്സ്യക്ഷാമത്തിനിടെ വില്‍പനയ്ക്കു കരുതിയ ഗുണനിലവാരമില്ലാത്ത 125 കിലോ മീന്‍ ഭക്ഷ്യ സുരക്ഷാ അധികൃതര്‍ പിടിച്ചെടുത്തു. പൊലീസ് സ്‌റ്റേഷനു സമീപം അനധികൃതമായി പ്രവര്‍ത്തിക്കുന്ന പുഴമത്സ്യം വില്‍ക്കുന്ന കേന്ദ്രത്തില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെ നടത്തിയ റെയ്ഡിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്.
വിശദ പരിശോധനു മത്സ്യത്തിന്റെ സാംപിള്‍ ശേഖരിച്ചു. ഇവ റീജനല്‍ അനലിറ്റിക്കല്‍ ലാബില്‍ പരിശോധനക്ക് അയച്ചു. വേണ്ടത്ര അളവില്‍ ഐസ് ചേര്‍ക്കാതെയാണു മത്സ്യം സൂക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ഫ്രീസറുകളില്‍നിന്നു ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് മത്സ്യം പിടിച്ചെടുത്തത്. ഇവ പിന്നീട് നഗരസഭയുടെ ചന്തക്കടവിലെ തുമ്പൂര്‍മുഴി മാലിന്യ പ്ലാന്റില്‍ സംസ്‌കരിച്ചു. സിഫ്റ്റ് (സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി) തയാറാക്കിയ കിറ്റുകള്‍ ഉപയോഗിച്ചു ഫോര്‍മലിന്‍ അമോണിയ പരിശോധന നടത്തിയെങ്കിലും സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
ഭക്ഷ്യസുരക്ഷാ മാനദണ്ഡം പാലിക്കാതെ സൂക്ഷിച്ചതിന് ഉടമ യാസിര്‍ അലിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.