ന്യൂദല്‍ഹി- കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സബ്സിഡി നിരക്കില്‍ റേഷന്‍ നല്‍കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. രാജ്യത്തെ 80 കോടി ജനങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. മൂന്ന് രൂപയ്ക്ക് അരി, രണ്ട് രൂപയ്ക്ക് ഗോതമ്പ് തുടങ്ങിയവയുടെ വിതരണം സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ചാവും നടപ്പാക്കുക. എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ ഒരു കുടുംബത്തിന് ഏഴ് കിലോ ഭക്ഷ്യധാന്യമാണ് പദ്ധതി വഴി നല്‍കുക.
സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ലോക്ക് ഡൗണിലേക്ക് പോയത്. എന്നാല്‍ ഇത് ജനജീവിതത്തെ ബാധിക്കില്ല. പരിഭ്രാന്തരായി ആളുകള്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങി സംഭരിക്കേണ്ടതില്ല. അവശ്യവസ്തുക്കളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. താത്ക്കാലിക തൊഴിലാളികള്‍ക്ക് വേതനവും ഭക്ഷണവും ഉറപ്പാക്കും.
കൊവിഡ് 19 നെ നേരിടാന്‍ എല്ലാ വിധത്തിലുള്ള സൗകര്യവും രാജ്യത്ത് ഉണ്ട്. ഇത്തരമൊരു അവസ്ഥയെ മറ്റേത് രാജ്യം നേരിടുന്നതിനേക്കാള്‍ കരുത്തോടെ ഇന്ത്യയ്ക്ക് നേരിടാനാവും. അതിനുള്ള സൗകര്യം ഇന്ത്യയില്‍ ഉണ്ട്. അതുപയോഗിച്ച് ഈ വെല്ലുവിളിയെ നേരിടും. എങ്കിലും ഇതിന് കരുതല്‍ ആവശ്യമാണ്. അതിന്റെ ഭാഗമായാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. എല്ലാവിഭാഗം ജനങ്ങളും ഇതിനോട് സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.