മദീന - ഉൽപന്നങ്ങളുടെ വില അന്യായമായി ഉയർത്തിയ സ്ഥാപനങ്ങൾക്കെതിരെ ഒരാഴ്ചക്കിടെ മദീന വാണിജ്യ മന്ത്രാലയ ശാഖക്ക് 1028 പരാതികൾ ലഭിച്ചു. പരാതികളിൽ അന്വേഷണം നടത്തി മദീന വാണിജ്യ മന്ത്രാലയ ശാഖ നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. നിത്യോപയോഗ വസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനും അന്യായമായ വിലക്കയറ്റവും വാണിജ്യ വഞ്ചനയും മറ്റു കൃത്രിമങ്ങളും തടയുന്നതിനും നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും പ്രവിശ്യയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഒരാഴ്ചക്കിടെ വാണിജ്യ മന്ത്രാലയ സംഘങ്ങൾ 1320 ഫീൽഡ് പരിശോധനകളാണ് നടത്തിയത്. മദീന, യാമ്പു, അൽഐസ്, അൽഉല, ഖൈബർ, മഹ്ദുദ്ദഹബ്, വാദി അൽഫറഅ്, അൽഹനാകിയ, ബദ്ർ, അൽസുവൈദിറ, യാമ്പു അൽനഖ്ൽ, അൽമസൈജിദ്, അൽഫുരൈശ്, അൽസ്വൽസ, യത്മ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം വാണിജ്യ മന്ത്രാലയ സംഘങ്ങൾ പരിശോധനകൾ നടത്തി.
കർഫ്യൂ പ്രാബല്യത്തിലുള്ള സമയത്തും ഉപയോക്താക്കൾക്കു മുടങ്ങാതെ സേവനങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് രാജ്യത്തെങ്ങും നിരോധാജ്ഞയിൽ നിന്ന് ഒഴിവാക്കിയ ബഖാലകൾ, ഹൈപ്പർ മാർക്കറ്റുകൾ, പച്ചക്കറി കടകൾ, കോഴി കടകൾ, ഇറച്ചി കടകൾ, മത്സ്യ കടകൾ, ബേക്കറികൾ, പെട്രോൾ ബങ്കുകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ വാണിജ്യ മന്ത്രാലയം പരിശോധനകൾ നടത്തി. വ്യാപാര സ്ഥാപനങ്ങളിൽ നിത്യോപയോഗ വസ്തുക്കളുടെ മതിയായ ലഭ്യതയും സ്റ്റോക്കുമുണ്ടെന്നും അവശ്യ വസ്തുക്കൾ മുടങ്ങാതെ എത്തിക്കുന്നുണ്ടെന്നും പരിശോധനകളിൽ വ്യക്തമായതായി വാണിജ്യ മന്ത്രാലയം പറഞ്ഞു.
കർഫ്യൂ പ്രാബല്യത്തിലുള്ള സമയത്ത് തങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾക്ക് ഉപയോക്താക്കൾക്ക് ഓൺലൈൻ ഡെലിവറി ആപ്പുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. കർഫ്യൂ നിലവിലില്ലാത്ത സമയത്തും നിത്യോപയോഗ വസ്തുക്കൾക്കും മറ്റും ഉപയോക്താക്കൾക്ക് ഡെലിവറി ആപ്പുകളുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. അനിവാര്യമായ സാഹചര്യങ്ങളിൽ ഒഴികെ ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്. വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച പരാതികൾ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയും 1900 എന്ന നമ്പറിൽ കംപ്ലയിന്റ് സെന്റർ വഴിയും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും 24 മണിക്കൂറും സ്വീകരിക്കുന്നത് തുടരുമെന്നും മന്ത്രാലയം പറഞ്ഞു.