ന്യൂദല്‍ഹി- കൊവിഡ് പ്രതിരോധത്തിനായി 15,000 കോടി രൂപയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് രാത്രി 12 മണി മുതല്‍ 21 ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഓരോ പൗരനും ഈ 21 ദിവസവും നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ കണ്ണി മുറിക്കാന്‍ 21 ദിവസങ്ങള്‍ നിര്‍ണായകമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഈ 21 ദിവസം നമ്മള്‍ക്ക് എവിടെയെങ്കിലും പാളിച്ച പറ്റിയാല്‍ അതിലൂടെ കൊറോണ വൈറസ് നമ്മളെ 21 വര്‍ഷം പിറകോട്ടടിക്കുമെന്നും മോഡി പറഞ്ഞു. താനിത് പറയുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രായായിട്ടല്ല, മറിച്ച് നിങ്ങളുടെ വീട്ടിലെ ഒരു അംഗം എന്ന നിലയ്ക്കാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. പുറത്ത് പോകുന്നത് എന്താണ് എന്ന് പോലും 21 ദിവസത്തേക്ക് മറന്നേക്കും എന്നും മോഡി പറഞ്ഞു.
കൈകൂപ്പിയാണ് പ്രധാനമന്ത്രി രാജ്യത്തോട് വീട്ടിലിരിക്കാന്‍ അപേക്ഷിച്ചത്. വീട്ടിലിരിക്കൂ, അത് മാത്രം നിങ്ങള്‍ ചെയ്താല്‍ മതി, പ്രധാനമന്ത്രി കൈകള്‍ കൂപ്പിക്കൊണ്ട് അഭ്യര്‍ത്ഥിച്ചു. വീടിന് ചുറ്റും ഒരു ലക്ഷ്മണ രേഖ ആവശ്യമുണ്ട്. വീടിന് പുറത്തേക്ക് നിങ്ങള്‍ വെയ്ക്കുന്ന ഓരോ ചുവടും വീടിന് അകത്തേക്ക് കൊറോണ വൈറസിനെ കൊണ്ടുവരാനുളളതായിരിക്കും എന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. ഇത് ഓരോ ഇന്ത്യക്കാരനേയും രക്ഷപ്പെടുത്തുന്നതിന് വേണ്ടിയാണ്. നിങ്ങള്‍ രാജ്യത്ത് എവിടെ ആണെങ്കിലും അവിടെ തന്നെ തുടരുക.
കൊവിഡിനെ നേരിടാന്‍ സാമൂഹിക അകലം പാലിക്കുക അല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. പ്രധാനമന്ത്രി അടക്കം എല്ലാവര്‍ക്കും ഇത് ബാധകമാണ് എന്നും നരേന്ദ്ര മോഡി പറഞ്ഞു. തീ പടരുന്നത് പോലെയാണ് കൊവിഡ് വൈറസ് രാജ്യത്ത് പടരുന്നത്. ലോക്ക് ഡൌണ്‍ എന്നത് ജനത കര്‍ഫ്യൂവിനേക്കാള്‍ കടുത്തതായിരിക്കും. ലോകമെമ്പാടുമായി ഒരു ലക്ഷം പേരെ കൊവിഡ് വൈറസ് ബാധിക്കാന്‍ വേണ്ടി വന്നത് 67 ദിവസങ്ങളാണ്. എന്നാല്‍ രണ്ട് ലക്ഷത്തിലേക്ക് അതുയരാന്‍ വെറും 11 ദിവസം മാത്രമേ ആവശ്യമായി വന്നുളളൂ. 4 ദിവസത്തിനുളളില്‍ അത് മൂന്ന് ലക്ഷമായി ഉയര്‍ന്നു. ഇതില്‍ നിന്ന് തന്നെ മനസ്സിലാക്കാം കൊവിഡ് വൈറസ് എത്ര വേഗത്തിലാണ് പടരുന്നത് എന്നും മോഡി ചൂണ്ടിക്കാട്ടി.