മുംബൈ- കൊറോണ വൈറസ് രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആര്‍ട്ടിക്കിള്‍ 360 പ്രകാരം സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.ദേശീയ ബിസിനസ് മാഗസിനായ ഇന്‍വെന്റിവയുടെ റിപ്പോര്‍ട്ടാണിത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയോ, ഇന്ത്യയുടെ ക്രെഡിറ്റോ മറ്റേതെങ്കിലും ഭാഗമോ ഭീഷണി നേരിടുന്ന സാഹചര്യം നേരിടുന്നതായി രാഷ്ട്രപതിക്ക് ബോധ്യപ്പെട്ടാല്‍ രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാമെന്ന് ആര്‍ട്ടിക്കിള്‍ 360 വ്യക്തമാക്കുന്നുണ്ട്. അധികം താമസിയാതെ തന്നെ ഈ നടപടിയിലേയ്ക്ക് ഇന്ത്യ കടക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തികമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ എക്‌സിക്യൂട്ടീവ് അതോറിറ്റിക്ക് സാധിക്കും. സംസ്ഥാന, കേന്ദ്ര സേവനങ്ങളിലുള്ള ഏത് വ്യക്തിയുടെയും ശമ്പളമോ, മറ്റ് അലവന്‍സുകളോ കുറയ്ക്കാന്‍ സാധിക്കുന്നതിന് പുറമെ നിയമസഭ പാസാക്കുന്ന ധനകാര്യ ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരവും തേടണം, രണ്ട് മാസത്തേക്കാണ് ആര്‍ട്ടിക്കിള്‍ 360 പ്രകാരം അടിയന്തരാവസ്ഥ നീണ്ടുനില്‍ക്കുക. രാഷ്ട്രപതിക്കാണ് ഇത് പിന്‍വലിക്കാനുള്ള അധികാരവുമുള്ളത്.
കഴിഞ്ഞ 72 വര്‍ഷക്കാലത്തെ ചരിത്രത്തില്‍ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കടന്നുപോകുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.മൂന്ന് മുന്‍നിര റേറ്റിംഗ് ഏജന്‍സികള്‍ ഇന്ത്യയുടെ വളര്‍ച്ചാ ജിഡിപി നിരക്ക് കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊറോണ പ്രതിസന്ധി വര്‍ദ്ധിപ്പിച്ചത് ആഗാതമായത്.കൊറോണയ്ക്ക് എതിരായ പോരാട്ടം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഭയപ്പെടുത്തുന്ന പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുകയെന്നാണ് പൊതു ആശങ്ക. വിഭജന കാലഘട്ടത്തിലെ അവസ്ഥയിലേക്ക് വരെ ഇന്ത്യയെ തിരിച്ച് കൊണ്ടുപോകാന്‍ കൊറോണാ മഹാമാരി വഴിയൊരുക്കിയേക്കുമെന്നും ഇന്‍വെന്റിവയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതിസന്ധി അതിരൂക്ഷമെന്ന് തെളിയിച്ച് കൊണ്ട് റിസര്‍വ്വ് ബാങ്ക് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നിരീക്ഷിക്കാന്‍ 90 പേരുടെ യുദ്ധമുറിയാണ് സജ്ജീകരിച്ചിരിക്കുന്നത്. വിദേശ നിക്ഷേപകര്‍ 15 വ്യാപാര സെഷനുകള്‍ക്കിടെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് 1.08 ലക്ഷം കോടി രൂപയാണ് പിന്‍വലിച്ചത്. ഇന്ത്യന്‍ കമ്പനികളില്‍ 80 ശതമാനത്തോളം പേരും ജീവനക്കാരോട് വീടുകളില്‍ നിന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗോ എയര്‍, എയര്‍ ഇന്ത്യ തുടങ്ങിയ കമ്പനികള്‍ ജീവനക്കാരെ വേതനരഹിത ലീവില്‍ അയച്ചിരിക്കുകയാണ്. ചില കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്ന കാഴ്ചയും കാണാം.
രാജ്യത്തിന്റെ സുപ്രധാന സാമ്പത്തിക കേന്ദ്രങ്ങളായ മുംബൈ, ബെംഗളൂരു, പൂനെ, ദല്‍ഹി, ലക്‌നൗ, കാന്‍പൂര്‍, ഹൈദരാബാദ്, ജയ്പൂര്‍, ചെന്നൈ, കൊല്‍ക്കത്ത, നോയ്ഡ, അഹമ്മദാബാദ്, സൂരത്ത് തുടങ്ങിയവ ലോക്ക്ഡൗണിലാണുള്ളത്. ഇതിന് പുറമെ യുഎസ് ഡോളര്‍ ഇന്ത്യന്‍ രൂപയ്‌ക്കെതിരെ അതിശക്തമായ നിലയിലാണുള്ളത്.