ചെന്നൈ-ഇന്ത്യയെ കൊറോണാവൈറസിന്റെ വിപത്തില്‍ നിന്നും രക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ, എങ്കില്‍ ഈയൊരു കാര്യം മാത്രം പാലിച്ചാല്‍ മതി, സാമൂഹികമായ അകലം. ഈയൊരു നിയമം പാലിച്ചാല്‍ കൊറോണ കേസുകള്‍ 62% വരെ കുറയ്ക്കാമെന്നാണ് കണ്ടെത്തല്‍.
ലോകാരോഗ്യ സംഘടന ഈ അകലം പാലിക്കലിനെക്കുറിച്ച് പല തവണ ഓര്‍മ്മിപ്പിച്ച് കഴിഞ്ഞു. ജീവിതത്തില്‍ ഇക്കാര്യം ശക്തമായി പാലിക്കാന്‍ തയ്യാറായാല്‍ ഗുണമുണ്ടെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. കൊറോണാവൈറസ് ലോകത്തിന്റെ നടുവൊടിക്കുമ്പോഴും ഇതില്‍ നിന്നും രക്ഷപ്പെടാന്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം പൗരന്‍മാര്‍ക്ക് തമാശയായാണ് അനുഭവപ്പെടുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ആളുകള്‍ ഇതൊന്നും പാലിക്കാതെ അവധിക്കാലം ആഘോഷിക്കുന്ന മട്ടില്‍ കറങ്ങുകയാണ്.
സാമൂഹിക അകലവും, ക്വാറന്റൈനും ശക്തമായി പാലിച്ചാല്‍ ഇന്ത്യയില്‍ കൊവിഡ്19 കേസുകള്‍ 62 ശതമാനം വരെ കുറയ്ക്കാമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് പഠനം കണക്കാക്കുന്നത്. ജനങ്ങളുടെ യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി, രോഗം ബാധിച്ചവരോ, ലക്ഷണങ്ങള്‍ കാണിച്ചവരോ ആയ വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് തടയുകയും ചെയ്യുന്നതാണ് ഇന്‍ഫെക്ഷനെ നേരിടാന്‍ സുപ്രധാനം.
ഇന്‍ഫെക്ഷന്‍ ബാധിച്ച രോഗികളുടെ എണ്ണമേറുന്ന ഘട്ടത്തിലേക്ക് എത്തുന്നതിന് മുന്‍പുള്ള തയ്യാറെടുപ്പിന് ജനങ്ങളുടെ ജാഗ്രത അവസരമൊരുക്കും. വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്നവരില്‍ നിന്നുമാണ് നിലവില്‍ രാജ്യത്ത് ഇന്‍ഫെക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശയാത്ര കഴിഞ്ഞെത്തിയവര്‍ അല്‍പ്പം ജാഗ്രത കാണിക്കാന്‍ തയ്യാറായാല്‍ ഈ പ്രതിസന്ധി ഒരു പരിധി വരെ തടയാം.