ന്യൂദൽഹി- കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ദൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഷഹീൻ ബാഗിലെ സമരപ്പന്തൽ പോലീസ് ഒഴിപ്പിച്ചു. ഇതോടെ 101 ദിവസമായി തുടരുന്ന സമരത്തിന് അവസാനമായി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് പോലീസ് സ്ഥലത്തെത്തിയത്. സമരക്കാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടർന്ന് പോലീസ് ബലം പ്രയോഗിച്ച് സമരക്കാരെ നീക്കുകയായിരുന്നു. തുടർന്ന് സമരപ്പന്തൽ പൊളിച്ചുനീക്കുകയും ചെയ്തു. ആറ് സ്ത്രീകളെയും മൂന്നു പുരുഷൻമാരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. വടക്കുകിഴക്കൻ ദൽഹിയിലെ ജാഫറാബാദിലെയും ഓൾഡ് ദൽഹിയിലെ തുർക്ക്മാൻ ഗേറ്റിലെയും സമരക്കാരെ പോലീസ് ഒഴിപ്പിച്ചു. ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിറകെയാണ് നടപടി. അസാധാരണ സമയത്ത് അസാധാരണ നടപടികൾ വേണ്ടി വരുമെന്ന് കെജ്രിവാൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.