ലണ്ടന്‍-കൊറോണ ഭീതി പടര്‍ന്നുകൊണ്ടിരിക്കെ, വിശുദ്ധ മാസമായ റമദാനു മുമ്പായെങ്കിലും മഹാമാരിയില്‍നിന്ന് മോചനം നല്‍കണേയെന്ന പ്രാര്‍ഥനയിലാണ് ലോകമെമ്പാടുമുള്ള മുസ്ലിംകള്‍.
റമദാന്‍ ആരംഭത്തിന് ഒരു മാസം മാത്രമാണ് ബാക്കി. ലോകാരോഗ്യ സംഘടന- ഡബ്ല്യു.എച്ച്.ഒ ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് ഇസ്ലാമിന്റെ ഏറ്റവും വിശുദ്ധമായ മാസത്തെ എങ്ങനെ ബാധിക്കുമെന്ന ചിന്തകളും ആശങ്കകളുമാണ് സമൂഹ മാധ്യമങ്ങളില്‍ ആളുകള്‍ പങ്കുവെക്കുന്നത്.
ഈ വര്‍ഷം ഏപ്രില്‍ 23 ന് റമദാന്‍ ആരംഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. റമദാനിലെ അനുഷ്ഠാനങ്ങളെല്ലാം സാമൂഹികത വിളിച്ചോതുന്നുതാണ്. സമൂഹ നോമ്പ്തുറയും തറാവീഹ് നമസ്‌കാരങ്ങള്‍ക്കുംപുറമെ, ധാരാളം മത, സാമൂഹിക പരിപാടികളും കുടുംബങ്ങളുമായും സുഹൃത്തുക്കളുമായുള്ള ഒത്തുചേരലുകളും നടക്കുന്ന മാസം കൂടിയാണ് റമദാന്‍.
കോവിഡ് ബാധ പ്രതിരോധിക്കുന്നതിന് വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രധാന മാര്‍ഗം സാമൂഹിക അകലം പാലിക്കുകയാണ്. വീടുകളില്‍ പോലും അകലം പാലിച്ചാല്‍ വൈറസിന്റെ വ്യാപനം തടയാന്‍ സാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നോട്ടു വെക്കുന്ന നിര്‍ദേശം.
മിക്കരാജ്യങ്ങളിലും സംഘടിത മനസ്‌കാരങ്ങളും ജുമുഅ നമസ്‌കാരവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഈ വര്‍ഷം റമദാന്‍ എങ്ങനെ ആചരിക്കുമെന്നതിനെക്കുറിച്ചാണ് പലരും ആശങ്ക പങ്കുവെക്കുന്നത്.
റമദാന്‍ മാസത്തില്‍ ഒറ്റ ദിവസവും ഒഴിവാക്കാതെ പള്ളിയില്‍ പോകാറുണ്ടെന്നും അതിനു തടസ്സമുണ്ടാകുന്നത് ചിന്തിക്കാന്‍ പോലുമാകുന്നില്ലെന്നും ലൂയിസ് ഡിനിറോ ട്വീറ്റ് ചെയ്തു.
നിര്‍ഭാഗ്യവശാല്‍ ഈ റമദാനില്‍ ഞങ്ങള്‍ അടച്ചിടപ്പെടുമോ എന്നാണ് ആശങ്കയെന്നും അതേക്കുറിച്ച് ചിന്തിക്കാന്‍ പോലും വിഷമമുണ്ടെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. ഈ വര്‍ഷം സാധാരണപോലെ തന്നെ റമദാന്‍ സമാഗതമാക്കണമെന്നും അതിനുമുമ്പ് അല്ലാഹു ഈ മഹാമാരി അവസാനിപ്പിക്കണമെന്നും പ്രാര്‍ഥിച്ചാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.
കൊറോണ വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പള്ളികളില്‍ തോളോടുതോള്‍ ചേര്‍ന്നുള്ള സംഘടിത നമസ്‌കാരം പോലും ഉപേക്ഷിച്ചിരിക്കയാണ്. സൗദി അറേബ്യയും യു.എ.ഇയും ഉള്‍പ്പെടെ മിക്ക മുസ്ലിം രാജ്യങ്ങളും പള്ളികളിലെ ജമാഅത്ത് നമസ്‌കാരം വിലക്കിയിട്ടുണ്ട്.
സൗദിയില്‍ രണ്ട് വിശുദ്ധ ഹറമുകളില്‍ മാത്രമാണ് ജമാഅത്ത് നമസ്‌കാരം നടക്കുന്നത്. മക്കയില്‍ വിശുദ്ധ ഹറമില്‍ ഒരു പ്രധാന ഗെയിറ്റ് മാത്രം തുറന്ന് മറ്റു കവാടങ്ങളെല്ലാം അടച്ചിട്ടിരിക്കയാണ്.
ഇതേ നടപടികള്‍ തുടര്‍ന്നാല്‍ അടുത്ത മാസം ആരംഭിക്കുന്ന റമദാനിലും പള്ളികളില്‍വെച്ചുള്ള തറാവീഹ് നമസ്‌കാരങ്ങള്‍ മുടങ്ങും. തറാവീഹില്ലാത്ത റമദാനെ കുറിച്ച് ചിന്തിക്കാനാവുന്നില്ലെന്നാണ് മറ്റോരു ട്വിറ്റര്‍ ഉപയോക്താവ് നഫീസ പറയുന്നത്. ഇക്കുറി തറാവീഹും ഈദ് നമസ്‌കാരവും ഇല്ലാതാകുന്നത് വേദനയോടെ മാത്രമേ ആലോചിക്കാനാകുന്നുള്ളൂവെന്ന് ജൗഹര്‍ എക്‌സ് ട്വീറ്റ് ചെയ്തു.
പല രാജ്യങ്ങളും അനിശ്ചിതകാലത്തേക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതും. സൗദി അറേബ്യയില്‍ മാര്‍ച്ച് 23 ന് പ്രാബല്യത്തില്‍വന്ന നിശാനിയമം 21 ദിവസത്തേക്ക് തുടരും. യു.എ.ഇ എല്ലാ വിമാന സര്‍വീസുകളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിരിക്കയാണ്. ജോര്‍ദാനില്‍ നിരോധനാജ്ഞ നടപ്പിലാക്കാന്‍ സൈന്യത്തിന്റെ സഹായം തേടിയിരിക്കയാണ്.