ലഖ്‌നൗ- കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ 17 ജില്ലകള്‍ അടച്ചിട്ടിരിക്കെ, ലഖ്‌നൗവിലെ ഘന്തഘഢിലും പ്രയാഗ്‌രാജിലും സി.എ.എക്കും എന്‍.ആര്‍.സിക്കുമതിരെ സ്ത്രീകള്‍ നടത്തിവന്ന ധര്‍ണ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
മഹാമാരിയുടെ പശ്ചാത്തലത്തില്‍ സമരം തല്‍ക്കാലം നിര്‍ത്തുകയാണെന്നും കൊറോണ പ്രതിസന്ധി അവസാനിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചാലുടന്‍ ഇതേ സ്ഥലത്തേക്ക് തിരിച്ചുവരുമെന്നും ജനുവരി 17 മുതല്‍ ഘന്തഘഢില്‍ പ്രതിഷേധസമരം നടത്തിവന്ന വനിതാ പ്രക്ഷോഭകര്‍ ലഖ്‌നൗ പോലീസ് കമ്മീഷണര്‍ സുജീത്ത് പാണ്ഡെയെ രേഖാമൂലം അറിയിച്ചു.
പ്രതിഷേധക്കാര്‍ സ്ഥലം വിട്ടുപോയെന്നും ഇപ്പോള്‍ ശൂന്യമാണെന്നും താക്കൂര്‍ഗഞ്ച് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ പ്രമോദ് കുമാര്‍ മിശ്ര പറഞ്ഞു.
പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ പിന്‍വലിക്കുന്നതോടെ ഇതേ സ്ഥലത്തുതന്നെ സമരം തുടരാമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതായി സംഘാടകരില്‍ ഒരാളായ സുമയ്യ റാണ പറഞ്ഞു.
ജനുവരി 17 മുതല്‍ ഘന്തഘഢിലെ കുത്തിയിരിപ്പ് സമരം ശക്തമായി തുടര്‍ന്നുവരികയായിരുന്നു.
ലഖ്‌നൗവിലെ ഗോംതി നഗര്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള ഉജരിയാവോണില്‍ നടത്തിവന്ന സിഎഎ-എന്‍ആര്‍സി വിരുദ്ധ സമരവും നിര്‍ത്തിയിട്ടുണ്ട്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം തല്‍ക്കാലം നിര്‍ത്തുകയാണെന്ന് സ്ത്രീകളില്‍നിന്ന് കത്ത് ലഭിച്ചതായും കൊറോണ വൈറസ് നിയന്ത്രണവിധേയമായാല്‍ അവര്‍ കുത്തിയിരിപ്പ് പുനരാരംഭിക്കുമെന്നും ഗോംതി നഗര്‍ എസിപി സന്തോഷ് സിംഗ് പറഞ്ഞു.
കൊറോണ വൈറസ് പകര്‍ച്ചവ്യാധി കാരണം ജനങ്ങള്‍ പ്രതിഷേധം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് പ്രയാഗ് രാജ് എസ്.എസ്.പി സത്യാര്‍ത്ഥ് അനിരുദ്ധ പങ്കജ് പറഞ്ഞു. ഖുല്‍ദാബാദ് പോലീസ് സ്റ്റേഷന് കീഴിലുള്ള മന്‍സൂര്‍ അലി പാര്‍ക്കില്‍ സിഎഎ-എന്‍ആര്‍സിക്കെതിരായ പ്രതിഷേധം ജനുവരി 12 മുതല്‍ തുടര്‍ന്നുവരികയായിരുന്നു. പ്രതിഷേധം തല്‍ക്കാലം അവസാനിപ്പിക്കുന്നതായി തിങ്കളാഴ്ച വൈകുന്നേരമാണ് സംഘാടകരുടെ കത്ത് ലഭിച്ചതെന്ന് പങ്കജ് പറഞ്ഞു.
കൊറോണ വൈറസ് പ്രതിസന്ധിക്ക് പരിഹാരമാകുന്നതുവരെ പ്രതിഷേധം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് പ്രതിഷേധത്തിന്റെ സംഘാടകയായ സാറാ അഹമ്മദ് പറഞ്ഞു. അടച്ചിടല്‍ അവസാനിക്കുന്നതോടെ പ്രതിഷേധം പുനരാരംഭിക്കും. കൊറോണ വൈറസ് ഭീതിയാണ് ഇപ്പോള്‍ വലിയ പ്രശ്നമെന്നും അതുകൊണ്ടാണ് സിഎഎ-എന്‍ആര്‍സി, എന്‍പിആര്‍ എന്നിവക്കെതിരായ പോരാട്ടം തല്‍ക്കാലം നിര്‍ത്തുന്നതെന്നും അവര്‍ പറഞ്ഞു.