കൊൽക്കത്ത- പശു മോഷ്ടാക്കളാണെന്ന് ആരോപിച്ച് രണ്ടു യുവാക്കളെ പശ്ചിമബംഗാളിൽ അക്രമികൾ തല്ലിക്കൊന്നു. ജൽപൈഗുരി ജില്ലയിലെ ദുപ്ഗുരിയിലാണ് സംഭവം. ആസാം സ്വദേശി ഹാഫിസുൾ ഷെയ്ക്ക്, കൂച്ച്‌ബെഹർ സ്വദേശി അൻവർ ഹുസൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ജൂണിലും ഇതേ പോലെ മൂന്നു പേരെ അക്രമികൾ തല്ലിക്കൊന്നിരുന്നു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണെന്നും അന്വേഷണം ആരംഭിച്ചതായും ജൽപൈഗുരി പൊലീസിലെ ഉന്നതോദ്യോഗസഥൻ പറഞ്ഞു.
ദുഗ്പുരി ടൗണിന് സമീപത്തുള്ള ഡാഡൻ 2 ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച്ച പൂലർച്ചെ മൂന്നിനാണ് യുവാക്കൾ ആക്രമിക്കപ്പെട്ടത്. പശുക്കളെയുമായി വാനിൽ സഞ്ചരിക്കുകയായിരുന്നു ഇവർ. വാൻ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്താതെ പോയതിനെ തുടർന്ന് ജനക്കൂട്ടം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. വാൻ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.