ന്യൂദല്‍ഹി-ഇന്ത്യയില്‍ നിലവില്‍ പ്രവര്‍ത്തനസജ്ജമായ 40,000 വെന്റിലേറ്ററുകളാണുള്ളത്. എന്നാല്‍ കൊവിഡ്19 ഇന്‍ഫെക്ഷനുകളുടെ എണ്ണമേറിയാല്‍ ഇത് അപര്യാപ്തമായി മാറുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഏകദേശം 5% കേസുകള്‍ പോലും അത്യാഹിത വിഭാഗത്തില്‍ കലാശിച്ചാല്‍ അവസ്ഥ ദുരിതത്തിലേക്ക് നീങ്ങുമെന്നാണ് ഇവര്‍ പറയുന്നത്.
മറ്റ് രാജ്യങ്ങളില്‍ നിയന്ത്രിക്കാന്‍ ഏറെ പാടുപെടുന്ന വൈറസ് ഇന്ത്യയിലും വര്‍ദ്ധിച്ച് വരികയാണ്. നിലവില്‍ ഇന്ത്യയിലെ മരണസംഖ്യ ഏഴാണ്. ഇതേ തോതില്‍ ഇന്‍ഫെക്ഷനുകള്‍ വര്‍ദ്ധിച്ച ഇറ്റലി, ഇറാന്‍ പോലുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്. അത്യാഹിത വിഭാഗങ്ങളില്‍ ചികിത്സ ആവശ്യമായ രോഗികളുടെ എണ്ണമേറിയതോടെ ഇവിടങ്ങളിലെ ആരോഗ്യ സേവനങ്ങള്‍ തകര്‍ച്ചയുടെ വക്കിലേക്ക് നീങ്ങി.
ആളുകളുടെ ശ്വാസകോശത്തെ അക്രമിക്കുന്ന കൊറോണാവൈറസ് മൂലം ന്യൂമോണിയ രൂപപ്പെടുകയും ഇത് ശ്വസിക്കാനുള്ള ശേഷിയെ ബാധിക്കുകയും ചെയ്യും. വിന്‍ഡ്‌പൈപ്പില്‍ സ്ഥാപിക്കുന്ന ട്യൂബ് വഴി ശ്വാസകോശത്തിലേക്ക് വായു എത്തിക്കുന്ന വെന്റിലേറ്ററുകള്‍ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ സുപ്രധാനമാണ്. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ക്രിട്ടിക്കല്‍ കെയര്‍ പ്രസിഡന്റ് ഡോ. ധ്രു ചൗധരി നല്‍കുന്ന വിവരം അനുസരിച്ച് രാജ്യത്ത് ഏകദേശം 40,000 വെന്റിലേറ്ററുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും, പ്രധാന സ്വകാര്യ ആശുപത്രികളിലുമാണ് ഇവയുള്ളത്.
ഇത് പരിഗണിച്ച് രോഗം ബാധിക്കാതെ ശ്രദ്ധിക്കുന്നതോടൊപ്പം എത്രയും വേഗം ടെസ്റ്റിംഗ് നടത്താനും, ഇന്‍ഫെക്ഷന്‍ ബാധിച്ചവരെ തിരിച്ചറിയാനും, ചികിത്സ നല്‍കി ഇവര്‍ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയുകയുമാണ് വേണ്ടതെന്ന് മുന്‍ ഹെല്‍ത്ത് സെക്രട്ടറി സുജാത റാവു ചൂണ്ടിക്കാണിക്കുന്നു.